എസ്.എഫ്.ഐയെ തകർക്കാൻ ശ്രമം; മുഖ്യമന്ത്രി ആയാലും സെക്രട്ടറി ആയാലും തിരുത്താനുള്ളത് തിരുത്തുമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: എസ്.എഫ്.ഐയെ തകർക്കാനുള്ള നീക്കങ്ങൾ പല കോണുകളിൽ നിന്നുണ്ടാവുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എസ്.എഫ്.ഐയ്ക്കെതിരെ മാധ്യമങ്ങൾ വാർത്ത നൽകുന്നത് മാത്രമല്ല, പുറത്തുനിന്നുള്ളയാളുകളും ആ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഏതെങ്കിലും കോളജിലുണ്ടാകുന്ന ഒരു പ്രശ്നത്തെ പർവതീകരിച്ച് എസ്.എഫ്.ഐയെ തകർക്കാനാണ് നീക്കം. അത് ജനം തള്ളുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
‘തെറ്റായ ഒരു പ്രവണതയേയും ന്യായീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അതൊക്കെ തിരുത്തപ്പെടണം. പോരായ്മകൾ പരിഹരിച്ച് തിരുത്തിപ്പോവാൻ സാധിക്കണം. വിദ്യാർഥികൾ അധ്യാപകർക്കും അധ്യാപകർ വിദ്യാർഥികൾക്കും നേരെ നടത്തുന്ന കൈയേറ്റങ്ങൾ തെറ്റായ പ്രവണതയാണെന്ന് വ്യക്തതയോടെ അവതരിപ്പിക്കാനാവണം. ഏകപക്ഷീയമാവരുത് അത്തരം കാര്യങ്ങളോടുള്ള സമീപനം. എസ്.എഫ്.ഐയുടെ കുട്ടികൾക്ക് എന്തെങ്കിലും തെറ്റുകളും പിശകുകളുമുണ്ടെങ്കിൽ അതൊക്കെ അവർ തിരുത്തും. പരിഹരിച്ച് മുന്നോട്ടുപോവും. അവർക്ക് പകരം വയ്ക്കാൻ മറ്റൊരു പ്രസ്ഥാനമില്ല’- എം.വി ഗോവിന്ദൻ പറഞ്ഞു.
എന്നാൽ, എസ്.എഫ്.ഐയ്ക്ക് പ്രാകൃത സ്വഭാവമാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തിന് പ്രത്യക്ഷത്തിൽ മറുപടി നൽകാൻ അദ്ദേഹം തയാറായില്ല. ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പദാനുപദമായി മറുപടി പറയാനില്ലെന്നുമാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിച്ചുപോവേണ്ടതാണ്. എല്ലാ പ്രശ്നങ്ങളും മുന്നണിയിൽ ചർച്ച ചെയ്ത് പരിഹാരം തേടുകയാണ് വേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
അതേസമയം, സ്വർണം പൊട്ടിക്കൽ പോലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവരോട് സി.പി.എമ്മിന് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. തെറ്റായ പ്രവണതയുള്ളവരെ പണ്ടുമുതലേ ഒഴിവാക്കിയിട്ടുണ്ട്. അത്തരം പ്രവണതകളെ അംഗീകരിക്കില്ല. പി. ജയരാജൻ അടക്കമുള്ളവരാണ് ഈ നിലപാടിനെതിരെ മുന്നോട്ട് പോയത്. പി. ജയരാജന് അതുമായി യാതൊരു ബന്ധവുമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തിന്, ജനങ്ങളെ അകറ്റാൻ ഇടയാകുന്ന ശൈലി എന്താണോ അത് മാറ്റണമെന്നും മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്നല്ല കേന്ദ്ര കമ്മിറ്റി പറഞ്ഞതെന്നും പാർട്ടിയുടെ ആകെ കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും എം.വി ഗോവിന്ദൻ. മുഖ്യമന്ത്രിയായാലും പാർട്ടി സെക്രട്ടറിയായാലും പി.ബി അംഗങ്ങളായാലും തിരുത്താൻ ഉള്ളത് തിരുത്തും. കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് ഐസക്കും പറയുന്നത്. വണ്ടിക്ക് മുന്നിൽ ചാടിയവരെ മാറ്റിയതിനെയാണ് രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും എം.വി ഗോവിന്ദൻ അവകാശപ്പെട്ടു.
അതേസമയം, കണ്ണൂരിലെ കൂടോത്ര വിവാദത്തിലും എം.വി ഗോവിന്ദൻ പ്രതികരിച്ചു. കണ്ണൂരിൽ കൂടോത്രം ഉണ്ടോ എന്ന് സുധാകരനോട് ചോദിച്ചാൽ മതിയെന്നും അവരങ്ങോട്ടും ഇങ്ങോട്ടും ചെയ്ത കൂടോത്രത്തെക്കുറിച്ച് താനെന്തു പറയാനാ എന്നും അദ്ദേഹം ചോദിച്ചു. കൂടോത്രത്തിൻ്റെ പുറകെ നടക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.