വളരെ ബുദ്ധിമുട്ടിയാണെങ്കിലും മൈലേജ് കുറയുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചു; കോടിക്കണക്കിന് വാഹനങ്ങൾക്കാണ് ഇ20 പെട്രോൾ പണി തരാൻ പോകുന്നത്: ബൈജു എം. നായർ

കൊച്ചി: ഇ20 പെട്രോളുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള വിവാദങ്ങൾക്കിടയിൽ പ്രതികരണവുമായി ഓട്ടോമൊബൈൽ ജേർണലിസ്റ്റും വാഹന വിദഗ്ധനുമായ ബൈജു എം. നായർ. കേന്ദ്ര സർക്കാർ 2026 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ ഇന്ധന സ്റ്റേഷനുകളിൽ നിർബന്ധമാക്കിയ ഇ20 പെട്രോളിന് പകരം ഉയർന്ന അളവിൽ എഥനോൾ ഉപയോഗിക്കുന്നുണ്ടെന്ന് കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിനുപിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതോടെ കേരളത്തിലടക്കം പെട്രോൾ പരിശോധനക്ക് വിധേയമാക്കിയതിന് പിന്നാലെയാണ് ബൈജു എം. നായർ പ്രതികരണം.

‘ധാരാളം വാഹനങ്ങളാണ് ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായി വർക്ക് ഷോപ്പുകളിൽ എത്തുന്നത്. വളരെ ബുദ്ധിമുട്ടിയാണെങ്കിലും മൈലേജ് കുറയുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടുണ്ട്. അതല്ലാതെ മറ്റൊരുതരത്തിലും വാഹനം തകരാറിലാകുമെന്ന് സർക്കാർ സമ്മതിച്ചിട്ടില്ല. ഇതൊരു ദീർഘകാല പ്രശ്നമാണ്. 95% എഥനോളും 5% പെട്രോളും ഉപയോഗിക്കുന്ന ഇ100 പെട്രോൾ രാജ്യത്ത് നടപ്പിലാക്കുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ, നിർഭാഗ്യവശാൽ കേന്ദ്രം നിലവിൽ പ്രഖ്യാപിച്ച അളവിനേക്കാൾ കൂടുതലായാണ് എഥനോൾ മിശ്രിതം പെട്രോളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സഹചര്യത്തിൽ ഇ20 ഇന്ധനം താങ്ങാവുന്ന വാഹനങ്ങളിൽ അതിലും കൂടുതൽ എഥനോൾ മിശ്രിത പെട്രോൾ ഉപയോഗിക്കുമ്പോൾ എൻജിനുകൾക്ക് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.’ ബൈജു എം. നായർ പറഞ്ഞു.

‘കർണാടകയിൽ നടത്തിയ പരിശോധനയിലാണല്ലോ ഇത് കണ്ടെത്തിയത്. ഒരുപക്ഷേ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തില്ലായിരിക്കാം. പക്ഷെ അങ്ങനെ സർക്കാറുകൾ തീരുമാനമെടുത്താൽ സാധാരണക്കാരെ ഇത് കാര്യാമായി തന്നെ ബാധിക്കും. കോടിക്കണക്കിന് വാഹനങ്ങൾക്കാണ് അളവിൽ കൂടുതലുള്ള എഥനോൾ മിശ്രിതം പണി തരാൻ പോകുന്നത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ ചേർക്കുന്നുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും പരിശോധന ആരംഭിച്ചു. നാല് ജില്ലകളിലെ പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ വിശദമായ പരിശോധനക്കായി ലബോറട്ടറികളിലേക്ക് അയച്ചു. പത്ത് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

എന്നാൽ, കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാറിന്റെ വാദം തള്ളി പൊതുമേഖലാ എണ്ണ കമ്പനികൾ രംഗത്തെത്തി. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തങ്ങളുടെ ചില്ലറ വിൽപന കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) നിഷ്കർഷിച്ചിട്ടുള്ള IS 17021 മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നിവ വ്യക്തമാക്കി.