പി.എം ശ്രീ; വ്യത്യസ്തമായ അഭിപ്രായങ്ങൾ പരിശോധിക്കുമെന്ന് എൻ. ഷംസുദ്ദീൻ, ഇതുവരെ തീരുമാനം എടുത്തിട്ടില്ല

മലപ്പുറം: പി.എം ശ്രീയെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെന്നും എല്ലാ അഭിപ്രായങ്ങളും പരിശോധിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇതുവരെ സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല. കേന്ദ്ര സർക്കാറിന്റെ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഫണ്ട് ലഭിക്കാൻ കേരളത്തിന് അർഹത ഉണ്ടെന്നും മന്ത്രി പറഞ്ഞു. പി.എം ശ്രീ ഉപാധികളോടെ നടപ്പാക്കാമെന്ന ഭരണ പരിഷ്‌കാര കമീഷൻ അധ്യക്ഷൻ എം.കെ. മുനീറിന്റെ പരാമർശത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. കെ.എം. മുനീറിന്റെ പരാമർശം ശ്രദ്ധയിൽപെട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ കുട്ടികളുടെ അവകാശമാണ് ഈ കേന്ദ്ര ഫണ്ട്. നമ്മുടെ നികുതിയുടെ ഒരു വിഹിതമാണ് അങ്ങോട്ട് പോകുന്നത്. സമഗ്രശിക്ഷ വഴിയാണ് ഏറ്റവും അധികം ഫണ്ട് വരുന്നത്. വിവിധ ഇനത്തിൽ കേരളത്തിന് 2000 കോടിയോളം രൂപ കിട്ടാനുണ്ട്. രാഷ്ട്രീയ പശ്ചാത്തലം ഉള്ളതുകൊണ്ട് കുറച്ചു ചർച്ചകൾ വേണ്ടി വരും. വിദ്യാഭ്യാസ വകുപ്പിന് അതിന്റെ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. പല പദ്ധതികൾക്കും ഫണ്ടിന്റെ കുറവുണ്ട്. പി.എം ശ്രീയിൽ സംസ്ഥാന സർക്കാറുകൾക്ക് സിലബസ് നിശ്ചയിക്കാനുള്ള സ്ഥിതി ഉണ്ടാകണം. അതാണ് കേരളം ഇപ്പോൾ പരിശോധിക്കുന്നത്. പി.എം ശ്രീയും കേരളത്തിന് തരാനുള്ള ഫണ്ടും കൂട്ടിക്കുഴക്കരുതെന്ന് കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ പറഞ്ഞതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വഖഫ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്നും വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന എൻ. ഷംസുദ്ദീൻ പറഞ്ഞു. എല്ലാം ചർച്ചകളിലാണ്. ഒരു തർക്കവുമില്ല. എല്ലാം രമ്യമായി തീരും. ഹജ്ജ് കമ്മറ്റി അതിന്റെ സമയം ആകുമ്പോൾ പുനഃസംഘടിപ്പിക്കും. ചെറിയ മാറ്റങ്ങൾ ചിലപ്പോൾ വന്നേക്കാം. എല്ലാവരെയും വിശ്വാസത്തിലെടുത്താണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പി.എം ശ്രീ പദ്ധതി പൂര്‍ണമായി തള്ളേണ്ടതില്ലെന്ന് ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ എം.കെ. മുനീർ. ഭേദഗതികളോടെ പി.എം ശ്രീ നടത്താനാകുമോ എന്നാണ് മന്ത്രിസഭ ഉപസമിതി പരിശോധിക്കുന്നതെന്നും സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്നതും സിലബസ് തെരഞ്ഞെടുക്കുന്നതിലും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് റിപ്പോര്‍ട്ടറില്‍ പറഞ്ഞു. ‘നമ്മള്‍ സ്‌റ്റേറ്റ് സിലബസേ എടുക്കൂ, രണ്ടാമത്തേത് സ്‌കൂള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിനായിരിക്കും. എന്‍.ഇ.പിയുടെ ഷോ കേസിങ്ങിനല്ല. സമാനമായി വിഹിതം ഞങ്ങളും എടുക്കുന്നുണ്ട്. ആ രീതിയിലാണ് ഇപ്പോഴത്തെ കമ്മിറ്റി പദ്ധതിയെക്കുറിച്ച് പരിശോധിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ബാക്കി ആലോചിക്കാമെന്നും ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായം മാത്രമാണെന്നും’ മുനീര്‍ പറഞ്ഞു.

അതേസമയം, പി.എം ശ്രീ ഒരു കാരണവശാലും നടത്തില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭരണ പക്ഷത്താണങ്കിലും പ്രതിപക്ഷത്താണെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നും സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതും ജനങ്ങളുടെ വികാരവും കണക്കിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.