രണ്ട് വർഷം മുമ്പുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; പരാതിയുമായി തൃണമൂൽ എംപി
ഡൽഹി: രണ്ട് വർഷം മുമ്പുള്ള ഇഡി കേസ് സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ തന്റെ അക്കൗണ്ട് മരവിപ്പിച്ചെന്ന പരാതിയുമായി തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ രംഗത്ത്. സമൂഹമാധ്യമ പ്ലാറ്റ് ഫോമായ എക്‌സ് അക്കൗണ്ട് വഴിയാണ് സാകേത് ഇക്കാര്യം വ്യക്തമാക്കിയത്.MP
എച്ച്ഡിഎഫ്സി ബാങ്ക് പ്രതിനിധിയിൽ നിന്ന് തനിക്ക് ഒരു കോൾ ലഭിച്ചു. അക്കൗണ്ട് മരവിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. നടപടിക്കു പിന്നിലെ കാരണം ചോദിച്ചപ്പോൾ എനിക്കെതിരായി ഇഡി കേസ് രജിസ്റ്റർ ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ നൽതിയ വാർത്തായണെന്ന് അറിയിച്ചു. എന്നാൽ കേസിന് 2 വർഷം പഴക്കമുണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. സാകേത് ഗോഖലെ തന്റെ എക്‌സിൽ കുറിച്ചു.
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ ‘അവർ ഡെമോക്രസി’ വഴി 1,700-ലധികം ആളുകളിൽ നിന്നയി ഗോഖലെ 72 ലക്ഷം രൂപ പിരിച്ചെടുത്തുവെന്നും ആ പണം വ്യക്തിപരമായ ആവശ്യത്തിനായി ഉപയോഗിച്ചെന്നുമാണ് കേസ്. 2022 ഡിസംബറിൽ ഗുജറാത്ത് പോലീസ് അദ്ദേഹത്തിനെതിരെ എഫ്‌ഐആർ സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലിനു കേസെടുക്കുകയുമായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അഹമ്മദാബാദിലെ പ്രത്യേക കോടതി ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയതായി ഇഡിയും വ്യക്തമാക്കിയിരുന്നു. ഈ സംഭവം മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു.
ബാങ്ക് ഉദ്യേഗസ്ഥരോട് അക്കൗണ്ട് മരവിപ്പിക്കാനുള്ള ഉത്തരവുണ്ടോയെന്ന് ചോദിച്ചപ്പോൾ അത്തരം ഉത്തരവുകളൊന്നുമില്ലെന്നും ‘ഞങ്ങൾ വാർത്ത കണ്ടു, അക്കൗണ്ട് മരവിപ്പിച്ചു’ എന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചതെന്നും ഗോഖലെ പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തുന്ന ഭീകര പ്രവർത്തനത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് സാകേത് ഗോഖലെ എംപി വിമർശിച്ചു. രണ്ട് വർഷം പഴക്കമുള്ള ഒരു കേസിനെക്കുറിച്ചുള്ള വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകൾ നിയമവിരുദ്ധമായി മരവിപ്പിക്കുന്നത്. പ്രതിപക്ഷത്തെ നിശബ്ദരാക്കാനുള്ള സർക്കാറിന്റെ പുതിയ മാർഗമാണോയിത്? അദ്ദേഹം ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദായനികുതി വകുപ്പ് തങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായി മാർച്ച് 21ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ‘നിസാര കാരണങ്ങളാൽ’ അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഫെബ്രുവരിയിലും പാർട്ടി ആരോപിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷ പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും രാഷ്ട്രീയ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണെന്നായിരുന്നു കോൺഗ്രസിന്റെ രൂക്ഷവിമർശനം.