തെരുവ് നായകൾക്ക് ചിക്കനും മുട്ടയും ചോറും; പദ്ധതിയുമായി ബെംഗളൂരു നഗരസഭ, ‘എല്ലാ നായകൾക്കും ഒരു ദിവസമുണ്ടെന്ന്’ നെറ്റിസൺസ്
ബെംഗളൂരു: നഗരത്തിലുടനീളം അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായകൾക്ക് ചിക്കൻ റൈസ്, എഗ്ഗ് റൈസ്, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുമായി ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി). ഈ നീക്കം മൃഗസ്നേഹികളുടെ അഭിനന്ദനം നേടിയെടുക്കുക മാത്രമല്ല, സോഷ്യൽ മീഡിയയിൽ രസകരമായ പ്രതികരണങ്ങൾക്കും ട്രോളുകൾക്കും കാരണമാവുകയും ചെയ്തു.
ഭക്ഷ്യക്ഷാമവും ലഭ്യത കുറഞ്ഞതുമായ പ്രദേശങ്ങളിൽ, 100 കേന്ദ്രങ്ങളിലായി ഏകദേശം 4,000 തെരുവ് നായകൾക്ക് ദിവസം ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ടെൻഡർ ബിബിഎംപി ക്ഷണിച്ചു.ടെൻഡർ മാനദണ്ഡങ്ങൾ അനുസരിച്ച്, ഭക്ഷണത്തിൽ 600 ഗ്രാം വേവിച്ച അരി, ചിക്കൻ, പച്ചക്കറികൾ, മഞ്ഞൾ എന്നിവ ഉൾപ്പെടുന്നു, ഇത് ഒരു നായയ്ക്ക് കുറഞ്ഞത് 750 കിലോ കലോറിയും ശുദ്ധമായ കുടിവെള്ളവും നൽകുന്നു. വിശപ്പ് മൂലമുണ്ടാകുന്ന തെരുവ് നായകളുടെ ആക്രമണം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഒരു നായക്ക് 22 രൂപയാണ് നഗരസഭ ചെലവഴിക്കുക. പദ്ധതിയുടെ വാർഷിക ചെലവ് ഏകദേശം 2.88 കോടി രൂപയായി കണക്കാക്കുന്നു.തുടക്കത്തിൽ ‘കുക്കിർ തിഹാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പരിപാടി, അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിൽ സമൂഹ ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പൊതുജന പങ്കാളിത്ത ക്യാമ്പെയിൻ എന്ന നിലയിലാണ് ആരംഭിച്ചത്.
‘എല്ലാ നായകൾക്കും ഒരു ദിവസമുണ്ടെന്ന്’ആയിരുന്നു നെറ്റിസൺസിന്റെ പ്രതികരണം. “വയറു നിറയെ ചിക്കൻ റൈസും എഗ്ഗ് റൈസും കഴിച്ച് ബാത്ത് ടബ്ബിൽ വിശ്രമിക്കുന്ന ബെംഗളൂരു നായ” എന്ന അടിക്കുറിപ്പോടെ റോഡിലെ കുഴിയിൽ കിടക്കുന്ന ഒരു നായയുടെ ചിത്രം ഒരാൾ പങ്കുവച്ചു. ഇന്ത്യയിലെ തെരുവ് നായകളിൽ പകുതിയും ബെംഗളൂരുവിൽ അല്ലേ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.