കാണാതായിട്ട് 15 വർഷം; ആശുപത്രിയിൽ എട്ടുമാസത്തെ കാത്തിരിപ്പ്, ഒടുവിൽ ഭാരതി ദേവി നാട്ടിലേക്ക്…

കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സക്കും എട്ടുമാസം നീണ്ട കാത്തിരിപ്പിനും ഒടുവിൽ ഭാരതി ദേവി പാണ്ഡെ (70) മകനും ബന്ധുക്കൾക്കുമൊപ്പം ഝാർഖണ്ഡിലെ വീട്ടിലേക്ക് മടങ്ങി. 2018 ജനുവരി 26ന് പൊലീസാണ് വയോധികയെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. സ്വന്തം പേരും നാടുമൊന്നും ഓർമിക്കാനാകാത്തതിനെ തുടർന്ന് അജ്ഞാത രോഗിയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

മാനസികനില തിരിച്ചുപിടിക്കുന്നതിനനുസരിച്ച് സാമൂഹികപ്രവർത്തകനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുൻ ജീവനക്കാരനുമായ ശിവൻ ഇവരിൽനിന്ന് വിവരങ്ങൾ തേടുകയായിരുന്നു. ഝാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാരിയ മേഖലയിലെ കോർമ, ഭാഗ്ര എന്നീ ഭാഗത്താണ് സ്വദേശമെന്ന് മനസ്സിലാക്കി. പൊലീസ്, സിവിൽ അധികൃതർ വഴി പലതവണ അന്വേഷിച്ചിട്ടും ബന്ധുക്കളെ കണ്ടെത്താനായില്ല. ഒടുവിൽ, സിമാരിയയിലെ ബി.ഡി.ഒ വഴി ഗ്രാമത്തലവന്റെ ഫോൺ നമ്പർ ലഭിച്ചു.

അദ്ദേഹത്തിന്റെ ശ്രമഫലമായി ഒടുവിൽ ഭാരതി ദേവിയുടെ ബന്ധുക്കളിലേക്കെത്തുകയായിരുന്നു. 15 വർഷം മുമ്പ് വീട്ടിൽനിന്ന് കാണാതായ തങ്ങളുടെ അമ്മ ജീവനോടെയുണ്ടെന്നറിഞ്ഞതോടെ ബന്ധുക്കളെല്ലാം ആഹ്ലാദത്തിലായി. വർഷങ്ങൾക്കുമുമ്പ് ഭാരതി ദേവിയുടെ മരണാനന്തര ചടങ്ങുകൾ പോലും കുടുംബം നടത്തിയിരുന്നു. വിവരമറിഞ്ഞ് മകൻ ജിതേന്ദ്ര കുമാറും കുടുംബവും ഉടൻ കോഴിക്കോടേക്ക് തിരിച്ചു. കുതിരവട്ടത്ത് എത്തി അമ്മയെ നാട്ടിലേക്ക് ഒപ്പം കൂട്ടുകയും ചെയ്തു.

ഭാരതി ദേവിയെ കൂടാതെ, മാസങ്ങളായി കുതിരവട്ടം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒഡീഷ ഫുൽവാനി ജില്ലയിലെ പരമേശ്വർ പ്രധാൻ (35), ബിഹാർ സ്വദേശി രേഖാ കുമാരി (32), ഛത്തീസ്ഗഢ് സ്വദേശി ജിതേന്ദ്ര കുമാർ (38) എന്നിവരും സാമൂഹിക പ്രവർത്തകൻ ശിവന്‍റെ ഇടപെടലിൽ ബന്ധുക്കളെ കണ്ടെത്തി കഴിഞ്ഞ ദിവസങ്ങളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങി. രേഖാ കുമാരിയെയും ജിതേന്ദ്ര കുമാറിനെയും തുടർചികിത്സക്കും പരിപാലനത്തിനുമുള്ള മരുന്നുകളും സാമ്പത്തിക സഹായവും നൽകിയാണ് യാത്രയാക്കിയത്.