ഇന്ത്യയും കുവൈത്തും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിൽ വൻ വർദ്ധനവ്
കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിൽ വൻ വർദ്ധനവ്. കുവൈത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിൽ 34.78 ശതമാനം ഉയർന്ന് 2.10 ബില്യൺ ഡോളറിലെത്തി. 2022 ൽ ഇരു രാജ്യങ്ങളും തമിലുള്ള എണ്ണ ഇതര വ്യാപാരം രണ്ടു ബില്യൺ യു.എസ് ഡോളർ കവിഞ്ഞപ്പോൾ, 2023ൽ ഏഴു ശതമാനം വളർച്ചയുമുണ്ടായി.Kuwait
കുവൈത്തിൽ നടന്ന ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ഇസ്രാർ അഹമ്മദും ഭക്ഷ്യ-കാർഷിക മേഖലകളിലെ 30 ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികളും, കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വക, കുവൈത്ത് കമ്പനികളുടെയും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെയും പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി എന്ന നിലയിൽ കുവൈത്തിന്റെ പ്രാധാന്യം ഇസ്രാർ അഹ്മദ് ചൂണ്ടികാട്ടി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കാൻ ഇരു രാജ്യങ്ങളുടെയും നേതൃത്വം സതാൽപര്യമെടുക്കുന്നതായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വക പറഞ്ഞു. ഇന്ത്യ സന്ദർശിക്കാനും ലഭ്യമായ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും ഡോ. ആദർശ് സൈ്വക കുവൈത്ത് വ്യവസായികളെ ക്ഷണിച്ചു.