ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനും മുതിർന്ന സി.പി.ഐ നേതാവ് കെ. അജിത്തും ബി.ജെ.പിയിൽ
തിരുവനന്തപുരം: മുൻ ബിഗ്‌ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനും മുതിർന്ന സി.പി.ഐ നേതാവും വൈക്കത്തെ മുൻ എം.എൽ.എയുമായ കെ. അജിത്തും ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇരുവർക്കും അംഗത്വം നൽകിയത്. മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റോബിൻ മത്സരിക്കുമെന്ന സൂചനകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
2006, 2011 വർഷങ്ങളിൽ തുടർച്ചയായി രണ്ടുതവണ വിജയിച്ച വൈക്കം എം.എൽ.എ ആയിരുന്നു കെ. അജിത്. സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ല കൗൺസിൽ അംഗമായും പ്രവർത്തിച്ച് വരികയായിരുന്നു അജിത്. ഇത് പെട്ടന്നുള്ള തീരുമാനമല്ലായിരുന്നു. ദലിത് വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും കൃത്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ നേതൃത്വത്തെ ആറുമാസം മുമ്പ് അതൃപ്തി അറിയിച്ചിരുന്നു. ഇതിൽ കാര്യമായ നടപടികൾ സ്വീകരിക്കാത്തതിനാലാണ് പാർട്ടി വിടുന്നതെന്ന് അജിത് പറഞ്ഞു. മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, എൻ.ഡി.എ ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്‌ണൻ, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ തുടങ്ങിയവർ പങ്കെടുത്തു.
