ബിലാത്തിക്കുളം നവീകരണം പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് മരം നിലംപൊത്തി

ബിലാത്തിക്കുളം നവീകരണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ്
കുളത്തിലേക്ക് പതിച്ച മഹാഗണി മരം
താനൂർ: നഗരസഭ കാര്യാലയത്തോട് ചേർന്ന് മുൻവശത്തുള്ള ബിലാത്തിക്കുളത്തിന്റെ നവീകരണപ്രവൃത്തി നടക്കുന്നതിനിടെ കരയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത് ആശങ്ക സൃഷ്ടിച്ചു.
കുളത്തിന് സമീപമുണ്ടായിരുന്ന മഹാഗണി മരം മണ്ണിടിച്ചിലിൽ കുളത്തിലേക്ക് വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. സമീപമുള്ള കൃഷിഭവനും സ്വകാര്യ കടകളും പ്രവർത്തിക്കുന്ന പിന്നാക്ക വിഭാഗക്കാർക്കുള്ള നഗരസഭ കെട്ടിടത്തിന്റെ തറക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്.
കുളത്തിന് തൊട്ടടുത്തുള്ള മിൽമ ബൂത്തും കനത്ത അപകടഭീഷണിയിലാണ്. മതിയായ സുരക്ഷ മുൻകരുതലൊരുക്കണമെന്ന ആവശ്യം ശക്തമാണ്. 90 ലക്ഷം രൂപ ചെലവഴിച്ച് നവീകരണ പ്രവൃത്തി നടത്തുന്നത്.
ഇറിഗേഷൻ വകുപ്പാണെന്നും നവീകരണത്തിന്റെ ചുമതല അവർക്കാണെന്നും നഗരസഭ ചെയർപേഴ്സൻ നസ്ല ബഷീറും പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. സലാമും പറഞ്ഞു. നവീകരണത്തിന്റെ ഭാഗമായി സമീപമുള്ള കടക്കാരോട് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയിരുന്നെന്നും കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ നഗരസഭ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
