ആറാം ക്ലാസുകാരന് കിഡ്നി നിറയെ കല്ല്; ഇരുമ്പൻ പുളിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലനെക്കുറിച്ച് അറിയാം

ആറാം ക്ലാസുകാരന് മൂത്രമൊഴിക്കുമ്പോൾ രക്തം പോകുന്നു എന്ന് പറഞ്ഞാണ് രക്ഷിതാക്കൾ അവനെ ഡോ. ഇ.ടി. അരുൺ തോമസിന്റെ ഒ.പിയിൽ കൊണ്ടുവന്നത്. സ്കാൻ എടുത്തു നോക്കിയപ്പോൾ രണ്ട് കിഡ്നിയിലും മുഴുവൻ കുഞ്ഞു കല്ലുകൾ! അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, കുഞ്ഞ് എല്ലാ ദിവസവും ട്യൂഷൻ ക്ലാസിൽ പോകുമ്പോൾ ഇരുമ്പൻപുളി കഴിക്കാറുണ്ടായിരുന്നു എന്ന്. ഇരുമ്പൻപുളിയിലുള്ള ഓക്സലേറ്റ് കിഡ്നിയുടെ പ്രവർത്തനത്തെ തകരാറിലാക്കുമെന്ന് ഡോ. ഇ.ടി. അരുൺ തോമസ് വ്യക്തമാക്കുന്നു.

ഇരുമ്പൻപുളിയിൽ അടങ്ങിയ ഉയർന്ന അളവിലുള്ള ഓക്സലേറ്റ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ രക്തത്തിലെ കാൽസ്യവുമായി ചേർന്ന് കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ ആയി മാറും. ഇത്തരം ക്രിസ്റ്റലുകൾ വൃക്കകളിലെ സൂക്ഷ്മമായ രക്തക്കുഴലുകളിലും മൂത്രനാളിയിലും ചെന്നടിയുകയും അവയെ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു. ഇത് വൃക്കകളുടെ സാധാരണ പ്രവർത്തനങ്ങളെ പൂർണ്ണമായി തടസ്സപ്പെടുത്താനിടയാക്കും.

ഇരുമ്പൻപുളി പതിവായോ അമിതമായോ കഴിക്കുന്നതിന്റെ അപകടം വ്യക്തമാക്കുന്ന മറ്റൊരു അനുഭവം കൂടി ഡോക്ടർ പങ്കുവെക്കുന്നു. കോവിഡ് കാലത്ത് മദ്യം കിട്ടാതായപ്പോൾ സഹികെട്ട് ചില മദ്യപാനികൾ ഇരുമ്പൻപുളി വാറ്റി കുടിക്കാൻ തുടങ്ങിയിരുന്നു. അക്കാലങ്ങളിൽ വൃക്കത്തകരാറുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് രണ്ടു മദ്യപാനികളെങ്കിലും ഒ.പിയിൽ എത്താറുണ്ടായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. കാരണം അന്വേഷിക്കുമ്പോൾ ഇരുമ്പൻപുളി വാറ്റിക്കുടിച്ച അനുഭവം കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇരുമ്പൻപുളി കഴിച്ചാൽ രക്തത്തിലെ കൊളസ്ട്രോളും ഷുഗറും കുറയുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചാരണം നടക്കുന്നുണ്ട്. ഇതിന് ക്ലിനിക്കൽ തെളിവുകൾ ഇല്ല. എന്നാൽ ഇത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിൽ സംശയമില്ലെന്നും ഡോ. ഇ.ടി. അരുൺ കൂട്ടിച്ചേർത്തു.