‘മോദിയെയും കേന്ദ്ര സർക്കാറിനെയും വാനോളം പുകഴ്ത്തി, പിന്നാലെ ഡയറക്ടറാക്കി’; ജിജി തോംസൺ ലഭിച്ചതിലും വലുത് ആഗ്രഹിച്ചിരുന്നെന്ന് ബിജെപി നേതാവ്

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ബി.ജെ.പി പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി സ്ഥാനമാനങ്ങൾ വാങ്ങിയെടുത്തയാളാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ലഭിച്ചതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്നും ജിജി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

ജിജി തോംസൺ ബി.ജെ.പിയിൽ വരാൻ താൽപര്യം പ്രകടിപ്പിച്ചു നിൽക്കുകയാണ് എന്ന് മുതിർന്ന നേതാവ് പറഞ്ഞതനുസരിച്ച് താനാണ് ന്യൂനപക്ഷമോർച്ചയുടെ പരിപാടിക്ക് വിളിച്ചത്. അദ്ദേഹം വരികയും നരേന്ദ്രമോദിയെയും കേന്ദ്രസർക്കാറിന്‍റെ നടപടികളെയും വാനോളം പുകഴ്ത്തുകയും ചെയ്തു. അതിനു പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര സർക്കാറിനു കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്ടറായി സ്ഥാനം ലഭിക്കുകയും ചെയ്തതായും ജിജി ജോസഫ് ആരോപിച്ചു.

ജിജി തോസൺ ചടങ്ങിൽ പങ്കെടുത്തതിന്‍റെ ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചു. വർഷങ്ങൾക്കുമുമ്പ് സർക്കാർ സർവിസിലിരിക്കെ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണ ഗ്യാനേഷ് കുമാർ തന്നെ ക്ഷണിച്ചെന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയിരുന്നു. ബി.ജെ.പി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെയെന്നും ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്നുമാണ് ഗ്യാനേഷ് കുമാർ പറഞ്ഞത്. മത്സരിക്കാൻ താൽപര്യമില്ലെന്ന് മറുപടി നൽകിയെന്നും അദ്ദേഹം ‘ഏഷ്യാനെറ്റ് ന്യൂസിന്’ നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി. ഗ്യാനേഷ് കുമാറുമായി നല്ല സുഹൃദ്ബന്ധമായിരുന്നു. സൗഹൃദ സംഭാഷണത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. വിരമിക്കലിനുശേഷം എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നത് സംബന്ധിച്ച സംഭാഷണമാണ് ബി.ജെ.പിയിലേക്കുള്ള ക്ഷണത്തിലേക്ക് എത്തിയതെന്നും ജിജി തോംസൺ വ്യക്തമാക്കി.

ബി.ജെ.പി ബന്ധം ആരോപിച്ച് ഗ്യാനേഷ്‍ കുമാറിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴാണ് വർഷങ്ങൾക്കു മുമ്പുതന്നെ അദ്ദേഹത്തിന് ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നതായി വ്യക്തമാക്കുന്ന ജിജി തോംസണിന്‍റെ വെളിപ്പെടുത്തൽ.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ജിജി തോംസൺ ‘വെളിപ്പെടുത്തി’ യല്ലോ. ഇനി ഞാനും വെളിപ്പെടുത്താം.രാഷ്ട്രീയ പ്രവർത്തകർ രഹസ്യമായി നടത്തുന്ന ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ പുറത്തു പറയരുതെന്നാണ് പറയാറ്. മുൻ ചീഫ് സെക്രട്ടറി കന്നംതിരിവ് കാണിച്ചതിനാൽ, ഈ അവസരത്തിൽ ഞാൻ അത് മാറ്റിവയ്ക്കുകയാണ്. ബി.ജെ.പി. സ്ഥാനാർത്ഥിയാകാൻ ജിജി തോംസണെ ഗ്യാനേഷ് കുമാർ ക്ഷണിച്ചു എന്നും ജയിച്ചാൽ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്തു എന്നാണല്ലോ അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ.കൊച്ചിയിൽ 2017 ജൂൺ 26 ന് മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ഒരു ചടങ്ങ് ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ചു. ഞാനായിരുന്നു അന്ന് ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ്.കേരളത്തിലെ സംഘപരിവാർ പ്രവർത്തകർ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിർന്ന നേതാവ് എന്നെ വിളിച്ചു.

ജിജി തോംസനെ ഈ പരിപാടിക്ക് വിളിക്കണം.അദ്ദേഹം നമ്മോടൊപ്പം വരാൻ താൽപര്യം പ്രകടിപ്പിച്ചു നിൽക്കുകയാണ് എന്നും എന്നോട് പറഞ്ഞു. അതനുസരിച്ച് ഞാൻ ക്ഷണിക്കുകയും ചെയ്തു.

അദ്ദേഹം വരുകയും ശ്രീ നരേന്ദ്രമോദിയെക്കു റിച്ചും കേന്ദ്രസർക്കാരിൻ്റെയും നടപടികളെ കുറിച്ചും വാനോളം പുകഴ്ത്തുകയും ചെയ്ത ആളാണ് ഇദ്ദേഹം .ബിജെപി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്ടറായി സ്ഥാനം ലഭിക്കുകയും ചെയ്തു

ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ട്. ഏതായാലും കിട്ടാത്ത മുന്തിരി പുളിക്കും എന്ന് വീണ്ടും ഓർമിപ്പിച്ച മുൻ ചീഫ് സെക്രട്ടറിക്ക് നല്ല നമസ്കാരം.