'പെട്ടെന്നൊരു ദിവസം ഇന്ത്യക്കാരനല്ലെന്ന കടലാസ് വന്നാൽ എന്തുചെയ്യും?' എല്ലാ രേഖകളുമുള്ള മുഹമ്മദ് ചോദിക്കുന്നു



കാസർകോട്: ‘പെട്ടെന്നൊരു ദിവസം നിങ്ങൾ ഇന്ത്യക്കാരനല്ലെന്ന കടലാസുവന്നാൽ എന്തുചെയ്യും? ഭയങ്കര ടെൻഷനായി. നല്ല വിഷമവും ഉണ്ട്.’ തന്‍റെ ആശങ്ക പങ്കുവെക്കുന്നത് കാസർകോട് പൈവളിക സ്വദേശി മുഹമ്മദ് അബ്ദുറഹ്മാനാണ്. കാസർകോട് ജനിച്ചു വളർന്ന, ഇന്ത്യയിൽ ജീവിക്കാനുള്ള എല്ലാ രേഖകളും ഉള്ള വ്യക്തിയാണ് മുഹമ്മദ്.

മുഹമ്മദിന് ഇപ്പോൾ 55 വയസ്സുണ്ട്. ഇതുവരെയുള്ള എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ബി.ജെ.പിക്ക് മുഹമ്മദിന്‍റെ പൗരത്വത്തിൽ സംശയമാണ്. മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്ന് കാണിച്ച് ബി.ജെ.പി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട പരാതി നൽകിയിരുന്നു. മുഹമ്മദ് ഉൾപ്പെടെ ഏഴ് പേരുടെ വോട്ട് തള്ളണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

പരാതിയെ തുടര്‍ന്ന് നടത്തിയ ഹിയറിങ്ങിൽ ഹാജരായെങ്കിലും ആരോപണം തെളിയിക്കാൻ സഹായിക്കുന്ന ഒരു തെളിവും ലോകേഷിന് നല്‍കാനായില്ല. അതുകൊണ്ടുതന്നെ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഇയാൾ പരാതി നൽകിയതെന്ന് കണ്ടെത്തിയതായി കലക്ടർ പറഞ്ഞു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത വ്യക്തികളെ ബി.ജെ.പി മനപൂർവം ലക്ഷ്യമിടുകയാണെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അശ്റഫ് പറഞ്ഞു. ബി.ജെ.പിയുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥന്മാരുടെയും അന്തർധാര പ്രവർത്തിക്കുന്നുണ്ടെന്നും ബി.ജെ.പിക്ക് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട മണ്ഡലം ജനാധിപത്യത്തിന്‍റെ വഴിയിലല്ലാതെ കൈയടക്കാൻ നോക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.