ബി.ജെ.പിയുടെ ‘ക്രൈസ്തവ പ്രേമം’; വിമർശിച്ചും പരിഹസിച്ചും സംഘ്പരിവാർ സംഘടനകൾ
തിരുവനന്തപുരം: ബി.ജെ.പിയുടെ ക്രൈസ്തവ പ്രേമത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും സംഘ്പരിവാർ സംഘടനകൾ. കേരളത്തിന്‍റെ പൊതുസ്വഭാവം മനസ്സിലാക്കാതെയാണ് ബി.ജെ.പി ക്രൈസ്തവരെ ഒപ്പം കൂട്ടാൻ ശ്രമിച്ചതെന്ന ആക്ഷേപമാണ് അവർ ഉന്നയിക്കുന്നത്. ക്രൈസ്തവ സഭാധ്യക്ഷൻമാരെ വളരെ മോശം പരാമർശത്തിലൂടെ വിമർശിച്ച പി.സി. ജോർജ്, ഷോൺ ജോർജ് എന്നിവരെ തള്ളാനോ കൊള്ളാനോ ബി.ജെ.പി സംസ്ഥാന നേതൃത്വം ഇതുവരെ തയാറായിട്ടുമില്ല.
വളരെ കരുതലോടെയാണ് പാർട്ടി ക്രൈസ്തവ വിഷയം കൈകാര്യം ചെയ്യുന്നത്. ബി.ജെ.പിയുടെ ക്രിസ്ത്യൻ പ്രേമത്തോട് തുടക്കം മുതൽ ആർ.എസ്.എസ്, ഹിന്ദു ഐക്യവേദി ഉൾപ്പെടെ സംഘ്പരിവാർ സംഘടനകൾക്ക് വലിയ താൽപര്യമില്ലായിരുന്നു. കേരളത്തിൽ ഈ നീക്കം വിജയിക്കില്ലെന്നും ഭൂരിപക്ഷ ഹിന്ദുവോട്ടുകൾ കേന്ദ്രീകരിച്ച് ബി.ജെ.പി പ്രവർത്തിക്കുന്നതാകും ഗുണം ചെയ്യുകയെന്നുമുള്ള നിലപാടിലാണിവർ. പി.സി. ജോർജും ഷോൺ ജോർജും പറഞ്ഞത് തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ശരിവെക്കുന്നതാണെന്നാണ് സംഘ്പരിവാർ നേതാക്കളുടെ വാദം. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിനെ ഉൾപ്പെടെ ഈ വിഷയത്തിൽ രൂക്ഷമായി വിമർശിക്കുകയാണ് മുൻ ഡി.ജി.പിയും സംഘ്പരിവാർ സഹയാത്രികനുമായ ടി.പി. സെൻകുമാർ. കോർ ഹിന്ദുവിനെവിട്ട് ബി.ജെ.പി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ ഇത് വിജയമാകില്ലെന്ന് താൻ പറഞ്ഞതായാണ് സെൻകുമാർ അവകാശപ്പെടുന്നത്.
കേരളത്തെ പറ്റി എ.ബി.സി.ഡി അറിയാത്ത പ്രസിഡന്‍റും മറുത്തുപറയാത്ത അനുചരവൃന്ദവും ഇന്ന് കേരളത്തിലെ ബി.ജെ.പിയെ എവിടെ എത്തിച്ചെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. കേരളത്തിലെ മുസ്ലിം സമുദായം പിന്തുണക്കില്ലെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി തൽക്കാലം ക്രൈസ്തവരെ പിണക്കേണ്ടെന്ന നിലപാടിലാണ്. അതിനാലാണ് പി.സി. ജോർജ്, ഷോൺ ജോർജ് എന്നിവരുടെ പരസ്യപ്രതികരണത്തിൽ നേതൃത്വം മൗനം പാലിക്കുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വിചാരിച്ച നേട്ടമുണ്ടായില്ലെങ്കിൽ നേതൃത്വംതന്നെ പ്രതികരണവുമായി രംഗത്തെത്താൻ സാധ്യതയുണ്ട്.
