ബ്ലാസ്റ്റേഴ്സിന് ക്ലബ്ബ് ലൈസൻസ് നിഷേധിച്ച സംഭവം; തിരിച്ചടിയായത് കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ച
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് ക്ലബ് ലൈസൻസ് നിഷേധിക്കാൻ കാരണമായത് കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചകൾ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിട്ടും പരിഹരിക്കാൻ ശ്രമിക്കാത്തതും തിരിച്ചടിയായി.ലൈസൻസ് നിഷേധിച്ചതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെടാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെയും ജി.സി.ഡി.എയുടേയും നീക്കം.Blasters
കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ നാല് ടീമുകളുടെ ലൈസൻസ് അപേക്ഷയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തള്ളിയത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നേരിടുന്ന സുരക്ഷയാണ് ലൈസൻസ് അപേക്ഷ തള്ളി പോകാനുള്ള കാരണം. പാചകവാതക സിലിണ്ടറുകൾ ഉപയോഗിക്കുന്ന 20 ഓളം ചെറുതും വലുതുമായ ഹോട്ടലുകൾ സ്റ്റേഡിയത്തിന് ചുറ്റുമുണ്ട്. കളി നടക്കുന്ന സമയത്ത് അടക്കം ഈ ഹോട്ടലുകൾ പ്രവർത്തിക്കുന്നു എന്നത് വലിയ സുരക്ഷാ വീഴ്ചയാണ് എ ഐ എഫ്എഫ് കാണുന്നത്. അടിസ്ഥാന സൗകര്യക്കുറവിനൊപ്പം തന്നെ മത്സരം നടക്കുന്ന സമയത്ത് സ്റ്റേഡിയത്തിലെ കോൺക്രീറ്റ് പാളികൾ അടക്കം കാണികളുടെ ഇടയിലേക്ക് തകർന്നു വീണതും സ്റ്റേഡിയത്തിന്റെ കാലപ്പഴകവും ഫുട്ബോൾ ഫെഡറേഷൻ കണക്കിലെടുത്തു. ആരാധകരുടെ ആഘോഷത്തിന് ഇടയിൽ സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങൾ കുലുങ്ങി എന്ന വാർത്ത വന്നത് മത്സരം വീക്ഷിക്കാൻ എത്തുന്നവർക്കിടയിൽ വലിയ ആശങ്ക പടർത്തിയിരുന്നു. കാണികളും കളിക്കാരും ഒരേ വഴിയിലൂടെ പ്രവേശിക്കുന്നതും തിരിച്ചിറങ്ങുന്നതും നേരത്തെ തന്നെ എ.ഐ.എഫ്.വിമർശിച്ചിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയൊരു ഹോം സ്റ്റേഡിയം കണ്ടെത്തുക ബ്ലാസ്റ്റേഴ്സിന് ചിന്തിക്കാൻ ആവുന്നതല്ല. തകരാറുകൾ പരിഹരിച്ച് സ്റ്റേഡിയം പുനർ നിർമ്മിച്ചില്ലെങ്കിൽ വരുന്ന സീസണുകളിൽ മുന്നോട്ടുപോക്ക് കടുത്ത പ്രതിസന്ധിയിലാകും.സ്റ്റേഡിയം ബിസിനസ് ഹബ്ബാക്കാൻ അനുവദിക്കില്ല എന്ന നിലപാടിൽ ഉറച്ചു തന്നെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.