ഡൽഹിക്കു പിന്നാലെ ജയ്പൂരിലും സ്‌കൂളുകൾക്ക് ബോംബ് ഭീഷണി
ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണിയുണ്ടെന്ന് പൊലീസ്. ജയ്പൂരിലെ നാല് സ്കൂളുകൾക്കാണ് തിങ്കളാഴ്ച ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതെന്ന് പിടിഐയും റിപ്പോർട്ട് ചെയ്തു. സെൻ്റ് തെരേസാസ് സ്‌കൂൾ, എംപിഎസ് സ്‌കൂൾ, വിദ്യാശ്രമം സ്‌കൂൾ, മനക് ചൗക്ക് സ്‌കൂൾ എന്നീ നാല് സ്‌കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.Bomb
പൊലീസ് സംഭവസ്ഥലത്തെത്തി. വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചതായും ഡോഗ് സ്ക്വാഡുകളും സ്കൂളുകളിൽ എത്തിയിട്ടുണ്ടെന്നും ജയ്പൂർ പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് പറഞ്ഞു. ഡൽഹി-എൻസിആറിലെ 150 ലധികം സ്‌കൂളുകളിലേക്കും കഴിഞ്ഞ ദിവസങ്ങളിൽ സമാന സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഞായറാഴ്ച ഡൽഹിയിലെ 20 ആശുപത്രികൾക്കും ഐജിഐ വിമാനത്താവളത്തിനും നോർത്തേൺ റെയിൽവേയുടെ സിപിആർഒ ഓഫീസിനും ഇമെയിലുകളിലൂടെ ബോംബ് ഭീഷണിയുണ്ടായിരുന്നു.
ഡൽഹിയിലെ സ്‌കൂളുകൾക്ക് റഷ്യ ആസ്ഥാനമായുള്ള മെയിലിങ് സേവനത്തിൽ നിന്നും ആശുപത്രികൾക്ക് യൂറോപ്പ് ആസ്ഥാനമായുള്ള മെയിലിങ് സേവന കമ്പനിയായ ‘beeble.com’ ൽ നിന്നുമാണ് ഭീഷണികൾ ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. “courtgroup03@beeble.com” എന്ന സെൻഡർ ഐഡിയിൽ നിന്നാണ് സന്ദേശം ജനറേറ്റ് ചെയ്തതെന്നും ഇത് പരിശോധിച്ച് വരികയാണെന്നും സൈബർ ഉദ്യോഗസ്ഥർ ഐപി വിലാസം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.