മാമി തിരോധാന കേസിൽ വഴിത്തിരിവ്: തടവിൽ പാർപ്പിക്കാനായി തട്ടിക്കൊണ്ടുപോയതെന്ന് ക്രൈംബ്രാഞ്ച് എഫ്ഐആർ

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. മാമിയെ തടവിൽ പാർപ്പിക്കുക എന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോയതെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ.
2023 ഓഗസ്റ്റ് 21നാണ് കോഴിക്കോട്ടുനിന്നും മാമിയെ കാണാതായത്. വീട്ടിൽനിന്ന് വൈകീട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞ് ഇറങ്ങിയ മാമി പിന്നീട് മടങ്ങിയെത്തിയില്ല. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കുടുംബം പരാതി നൽകുകയായിരുന്നു. കാണാതാകുന്നതിന് തൊട്ടുമുമ്പ് അരയിടത്തുപാലം മുതൽ തലക്കുളത്തൂർ വരെയുള്ള ടവർ ലൊക്കേഷനുകളിൽ മാമി എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
എന്നാൽ, അതിനുശേഷം മാമിക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് വ്യക്തതയുണ്ടായിരുന്നില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2026ൽ പുതിയ സർക്കാർ വന്നതിന് പിന്നാലെ അന്വേഷണ സംഘത്തെ വിപുലീകരിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടത്തിയ പരിശോധനകളിലാണ് മാമിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
