‘പ്രണയബന്ധം തകരുന്നത് ആത്മഹത്യാ പ്രേരണക്കുറ്റമായി എല്ലായ്‌പ്പോഴും കണക്കാക്കാനാവില്ല’ – സുപ്രിംകോടതി

Breakup of a romantic relationship cannot always be considered

 

ന്യൂഡൽഹി: പ്രണയബന്ധം തകരുമ്പോഴുണ്ടാകുന്ന മനോവിഷമം മൂലം ജീവനൊടുക്കുന്നതിൽ സ്വമേധയാ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രിംകോടതി. ബന്ധം തുടരുന്നില്ല എന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ലെന്നാണ് കോടതി വിലയിരുത്തിയത്. വിവാഹവാഗ്ദാനം നൽകി പറ്റിച്ചതിന് യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിഭാഗത്തിന്റെ വാദം കേൾക്കുകയായിരുന്നു കോടതി.ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, ഉജ്ജൽ ഭുയാൻ എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

2007ലാണ് 21കാരിയായ യുവതി ആത്മഹത്യ ചെയ്ത കേസിൽ കമറുദ്ദീൻ ദസ്താഗിർ സനഡി എന്നയാളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യുവതിയുടെ മാതാവിന്റെ പരാതിയിൽ, വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം, വഞ്ചന, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി ആയിരുന്നു അറസ്റ്റ്. കേസിൽ സനഡി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി വിധിയെഴുതി. വിധി ചോദ്യം ചെയ്ത് സനഡി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സനഡി കുറ്റക്കാരനാണെന്ന് ഹൈക്കോടതി വിധിയെഴുതുകയും വഞ്ചനയ്ക്കും ആത്മഹത്യാ പ്രേരണക്കുറ്റത്തിനുമായി ഇയാളെ അഞ്ച് വർഷത്തേക്ക് ശിക്ഷിക്കുകയുമാണുണ്ടായത്. തുടർന്നാണ് സനഡി സുപ്രിംകോടതിയെ സമീപിക്കുന്നത്.

യുവതി ആത്മഹത്യ ചെയ്തതിൽ സനഡിക്ക് പങ്കില്ലെന്ന് 17പേജുള്ള വിധിന്യായത്തിൽ ജസ്റ്റിസ് മിത്തൽ ചൂണ്ടിക്കാട്ടി. കേസിൽ ശാരീരിക പീഡനം നടന്നതിന്റെയോ യുവതിയെ സനഡി പ്രേരിപ്പിച്ചു എന്നതിന്റെയോ തെളിവുകൾ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രണയബന്ധം വേർപിരിയുന്നത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കാമെങ്കിലും അതിന് കാരണക്കാരായവർ ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് വിലയിരുത്താനാവില്ലെന്നായിരുന്നു ജഡ്ജിയുടെ പ്രസ്താവന.

“ഓരോ വ്യക്തിയുടെയും സാഹചര്യവും മനോനിലയുമൊക്കെയാണ് ആത്മഹത്യകൾക്ക് അവരിൽ ഏറെ പ്രേരണ ചെലുത്തുന്നത്. ആരോപണവിധേയരാവർ കുറ്റം ചെയ്തു എന്ന തെളിയിക്കപ്പെടാതെ, സ്വമേധയാ ഒരു കുറ്റവും അവരിൽ അടിച്ചേൽപ്പിക്കാനാവില്ല. ഇക്കാരണം കൊണ്ടു തന്നെ, അടുപ്പക്കാരിൽ നിന്നുള്ള സമീപനങ്ങൾ സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിൽ കൃത്യമായ തെളിവുകളില്ലാതെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുകയുമില്ല” – ജഡ്ജി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *