ബ്രൂവറി വിവാദം: എതിർപ്പ് കടുപ്പിക്കാൻ സിപിഐ, പരസ്യ നിലപാടുകൾ നേതൃയോഗങ്ങളിലും കർശനമായി ഉയർത്താൻ തീരുമാനം
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട എതിർപ്പ് സിപിഐ കടുപ്പിച്ചേക്കും. ഇതുവരെ ഉന്നയിച്ച പരസ്യ നിലപാടുകൾ മുന്നണിയുമായി ബന്ധപ്പെട്ട നേതൃയോഗങ്ങളിലും കർശനമായി ഉയർത്താനാണ് സിപിഐ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാട് സ്വീകരിക്കാത്ത ബിനോയ് വിശ്വത്തിനെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുണ്ട്.
സിപിഐയുടെ നാല് മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭായോഗമാണ് പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയത്. അന്ന് മന്ത്രിസഭ യോഗത്തിൽ എതിർസ്വരങ്ങൾ ഒന്നും ഉയർന്നില്ല. എന്നാൽ, പാലക്കാട് സിപിഐ പ്രാദേശിക നേതൃത്വത്തിൽനിന്നും, പിന്നീട് പ്രതിപക്ഷത്തു നിന്നും എതിർ സ്വരങ്ങൾ ഉണ്ടായതോടെ നിലപാട് കടുപ്പിക്കാൻ ആണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം.
ജല ചൂഷണം അംഗീകരിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കാനാണ് സിപിഐ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എക്സൈസ് മന്ത്രി എംബി രാജേഷ് അടക്കമുള്ളവർ നൽകിയ വിശദീകരണത്തിൽ പാർട്ടി തൃപ്തിയും രേഖപ്പെടുത്തുന്നില്ല. വരും ദിവസങ്ങളിൽ മുന്നണിയുമായി ബന്ധപ്പെട്ട യോഗങ്ങൾ ചേരുമ്പോൾ നിലപാട് വ്യക്തമാക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനം. വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നു എന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉണ്ട്. പാർട്ടിയുടെ എതിർപ്പ് മന്ത്രിസഭായോഗത്തിൽ ഉന്നയിക്കണമെന്ന് അഭിപ്രായം ഉണ്ട്. എന്നാൽ മന്ത്രിസഭ ഒരു തവണ അംഗീകരിച്ച വിഷയത്തിൽ പിന്നീട് എതിർസ്വരം എങ്ങനെ ഉയർത്തും എന്ന സംശയമാണ് ചില നേതാക്കൾക്കുള്ളത്.