ചുമരിൽ എഴുതിയാൽ എന്താണ് കുഴപ്പം?; എ വിജയരാഘവന്റെ നിലപാട് ശരിയല്ലെന്ന് കാലിക്കറ്റ് വിസി, വിദ്യാർഥികൾക്ക് കർശന മുന്നറിയിപ്പ്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പുരുഷ ഹോസ്റ്റല്‍ ചുമരുകള്‍ എഴുതിയും വരച്ചും വീണ്ടും വൃത്തികേടാക്കിയാല്‍ അത്തരം വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. സര്‍വകലാശാലാ ചുമരുകളില്‍ വിദ്യാര്‍ഥികള്‍ വരക്കണമെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ ആഹ്വാനം തികച്ചും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

‘വിദ്യാർഥികൾ സർവകലാശാലയുടെ ചുമരിൽ അവർക്ക് അവർക്ക് ഇഷ്ടമുള്ളത് എഴുതും. കാമ്പസിലെ ചുമരെഴുത്തുകൾ വിദ്യാർഥികളുടെ സർഗശേഷിയുടെയും വിജ്ഞാനത്തിന്റെയും പ്രകടനമാണ്. അതിനെ തടയാൻ ശ്രമിക്കുന്ന വി.സിയുടെ നടപടി തെറ്റാണ്’ -എന്നാണ് സർവകലാശാലക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിൽ വിജയരാഘവൻ പ്രസംഗിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു വൈസ് ചാൻസലർ.

‘ഏഴ് ലക്ഷം രൂപ മുടക്കി യുദ്ധകാലാടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ നവീകരിച്ചതാണ്. അതിനാല്‍ ഇനി വിട്ടുവീഴ്ച ഉണ്ടാകില്ല. സര്‍വകലാശാലാ തലത്തിലെ നടപടിക്ക് പുറമെ പൊലീസില്‍ പരാതി നല്‍കും.

എല്ലാവര്‍ക്കും ഭയമില്ലാതെ പഠിക്കാനാകുന്ന രീതിയില്‍ കാമ്പസിന്റെ അന്തരീക്ഷം മാറണം. ഹോസ്റ്റലിന്റെയും കാമ്പസിന്റെയാകെയും സുരക്ഷ അടിയന്തിരമായി വര്‍ധിപ്പിക്കും. വിദ്യാര്‍ഥികളുടെ സ്വകാര്യത മാനിച്ചുകൊണ്ടുതന്നെ ഹോസ്റ്റലുകളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ ഉണ്ടാകും.

സമാധാനത്തോടെ കാമ്പസില്‍ ജീവിക്കാനാകുക എന്നത് അടിസ്ഥാന ആവശ്യമാണ്. വെറുപ്പ് വിളയുന്ന ഇടമായി കാമ്പസ് മാറരുത്. സംഘടനകളുടെ പോസ്റ്റര്‍ പതിക്കുന്നതിന് പ്രത്യേക സ്ഥലം അനുവദിക്കും. മറ്റിടങ്ങളില്‍ അതിന് അനുവാദമുണ്ടാകില്ല’ -വി.സി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വിജയരാഘവന്‍ തനിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളാണ് നടത്തിയതെന്നും രവീന്ദ്രന്‍ കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത തരത്തിലുള്ള ആശാസ്യകരമല്ലാത്ത പ്രസ്താവനയാണുണ്ടായത്. ഇതിന് മുമ്പും അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രസ്താവനകളെല്ലാം കേരളീയ സമൂഹം കേട്ടതും കണ്ടതുമാണ്.

താനും കാമ്പസ് ഹോസ്റ്റലുകള്‍ താമസിച്ച് പഠിച്ചയാളാണ്. സ്‌നേഹത്തോടെയും സൗഹൃദത്തോടെയും സമാധാനപരമായി പഠിക്കാനുള്ള അന്തരീക്ഷമാണ് കാമ്പസുകളില്‍ ഉണ്ടാകേണ്ടത്. സര്‍വകലാശാലാ പുരുഷ ഹോസ്റ്റലില്‍ അനുയോജ്യമല്ലാത്ത രീതിയിലുള്ള കാര്യങ്ങള്‍ കണ്ടതിനാലാണ് നടപടിയെടുത്തത്. ഹോസ്റ്റല്‍ മുറികളില്‍ നിന്ന് മദ്യക്കുപ്പികളുടെ കൂമ്പാരമാണ് കണ്ടെടുത്തത്. ബാര്‍ എന്ന എഴുത്തുകളും ഹോസ്റ്റല്‍ ചുമരുകളില്‍ ഉണ്ടായിരുന്നുവെന്നും വി.സി പറഞ്ഞു.