വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ സുപ്രിംകോടതിയിൽ
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസ സുപ്രിംകോടതിയിൽ. കേരളത്തിൽനിന്ന് നിയമത്തെ പിന്തുണച്ച് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ്.CASA
വഖഫ് നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് കാസയും കക്ഷിചേർന്നത്. മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്നം വഖഫ് നിയമം മൂലമല്ല സംഭവിച്ചതെന്ന് വരുത്തി തീർത്ത് സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്‍ലിം ലീഗിന്റെ ശ്രമത്തെ തടയാനും ഭേദഗതി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടുമാണ് സുപ്രിംകോടതിയെ സമീപിച്ചതെന്ന് കാസ അറിയിച്ചു. കാസയ്ക്കുവേണ്ടി അഡ്വ. കൃഷ്ണരാജ്, അഡ്വ. ടോം ജോസഫ് എന്നിവർ ഹാജരാവും.