‘സഹപ്രവർത്തകർ ജാതീയമായി അവഹേളിച്ചു’- ആദിവാസി പൊലീസുകാരന്റെ ആത്മഹത്യയിൽ കുറ്റപത്രം
പാലക്കാട്: കല്ലേക്കാട് എആർ ക്യാമ്പിലെ ആദിവാസി പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയിൽ സഹപ്രവർത്തകർക്കെതിരെ കുറ്റപത്രം. ഡെപ്യൂട്ടി കമാൻഡന്റ് ഉൾപ്പടെ 7 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ജാതി അധിക്ഷേപവും മാനസികപീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറ്റപത്രത്തിലെ പരാമർശം.
ഡെപ്യൂട്ടി കമാൻഡന്റ് എൽ സുരേന്ദ്രൻ, സീനിയർ പൊലീസ് ഓഫീസർ മുഹമ്മദ് ആസാദ് , എഎസ്ഐ എം റഫീഖ് ,സിപിഒമാരായ കെ വൈശാഖ്, സി മഹേഷ് , വി ജയേഷ് എന്നിവർക്ക് എതിരെയാണ് കുറ്റപത്രം. കുമാറിന് അനുവദിച്ച ക്വാട്ടേഴ്‌സിൽ നിന്നും പ്രതികൾ സാധനങ്ങൾ എടുത്ത് മാറ്റി മറ്റൊരാൾക്ക് നൽകിയെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇതിന് കാരണമായി പ്രതികൾ പറഞ്ഞത് കുമാർ മദ്യപിച്ച് ജോലിക്ക് ഹാജരാകുന്നില്ല എന്നതാണ്. എന്നാലീ വാദം ശരിയല്ല എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
2019 ജൂലൈ 25നാണ് എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ എൻകെ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അട്ടപ്പാടിയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. സഹപ്രവർത്തകർ ജാതീയമായി അധിക്ഷേപിച്ചതിലുള്ള മനോവിഷമം മൂലം ഇദ്ദേഹം ജീവനൊടുക്കുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപ്പത്രം സമർപ്പിച്ചത്.
കേസിൽ സുരേന്ദ്രനടക്കം ഉടൻ അറസ്റ്റിലാകുമെന്നാണ് സൂചന. കുമാറിന്റെ ഭാര്യയുടെ പരാതിക്ക് പിന്നാലെ പ്രതികൾ ഏഴ് പേരെയും നേരത്തേ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.