‘മണവാള​നെ പോലെയാ എന്നെ കൊണ്ടുവന്നത്, ഞാൻ പാടിയാൽ ഉള്ള വോട്ടുകൂടി ​പോകും’ -പാട്ടുപാടി ക​ലോത്സവ നഗരി കളറാക്കി ചാണ്ടി ഉമ്മൻ



തൃശൂർ: ‘ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ… എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻ‌കിളീ…’ കലോത്സവ നഗരിയിൽ ചാനൽ ​​ഫ്ലോറിൽ മൈക്ക് കിട്ടിയപ്പോൾ പാടിത്തകർക്കുകയാണ് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ. എങ്കിൽ വോട്ടുപിടിക്കാൻ ​പോകുമ്പോൾ പാട്ടു​പാടിക്കൂടേ എന്ന ചോദ്യത്തിന് ‘വോട്ടർമാ​​രെ വെറുപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല’ എന്നായിരുന്നു മറുപടി.

‘ഞാൻ വോട്ടു പിടിക്കാൻ പോകുന്ന സമയത്ത് പാട്ട് പാടിയാൽ പിന്നെ എന്റെ ഉള്ള വോട്ട് കൂടെ പോകും. ചാനൽ പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണല്ലോ എന്നെക്കൊണ്ട് പാടിക്കുന്നത്. കവിത എഴുതാനും പാടാനും അറിയില്ല. എൽദോസ് കുന്നപ്പിള്ളിയുടെ കവിത ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് കവിത അറിയില്ല. ട്രൈ ചെയ്തിട്ടുമില്ല’ -ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

മിമിക്രിക്കാർ സൗണ്ട് അനുകരിക്കാറുണ്ടോ എന്ന ചോദ്യത്തിന് എന്റെ സൗണ്ട് അങ്ങനെ മിമിക്രിക്കാർ അനുകരിക്കാറായിട്ടില്ലെന്നായിരുന്നു മറുപടി. ‘തൃശൂരിൽ കലോത്സവം പൊളിയാണ്. അടിപൊളിയാണ്. കലോത്സവ നഗരിയിലേത് ഒന്നാംതരം അറേഞ്ച്മെന്റ്സ് ആണ്. ഇത് കലയുടെ നാടാണ്, സാംസ്കാരിക തലസ്ഥാനമാണ്. ഇവിടെ പുലിക്കളി, പൂരം, ബോൺ നതാ​ലെ.. എല്ലാ കലാപരവും സാംസ്കാരികവുമായ ചടങ്ങുകൾ നടക്കുന്ന സ്ഥലമായതിനാൽ അതിന്റെ ഒരു ഇംപാക്ട് കാണും. പ്രത്യേകിച്ച് വടക്കുന്നാഥന്റെ മണ്ണിൽ ആയതിന്റെ ഒരു വൈബാണ്. പിതാവ് ഉമ്മൻ ചാണ്ടിയെ പോലെ എന്റെകൂടെയും എപ്പോഴും ആൾക്കൂട്ടം ഉണ്ടാകാറുണ്ട്. കലോത്സവ നഗരിയിലൂടെ ഒരു മണവാളനെപ്പോലെയാണ് എന്നെ പിടിച്ചുവലിച്ചുകൊണ്ടുവന്നത്’ -ചിരിച്ചുകൊണ്ട് ചാണ്ടി ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളി ഏരിയയിൽ ഒരു കലോത്സവം സംഘടിപ്പിക്കേണ്ടി വന്നാൽ സംഘാടകനായി ഇറങ്ങാൻ റെഡിയാണെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. ‘ഇത്തവണ യുഡിഎഫ് വരും. യുഡിഎഫിന്റെ മുഖ്യമന്ത്രി മെയ് മാസത്തിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഞങ്ങളെല്ലാവരും അവിടെ കാണും. പുതുപ്പള്ളിയിൽ മത്സരിക്കാൻ ​റെഡിയാണ്. മത്സരിക്ക​ണോ എന്നത് പാർട്ടി തീരുമാനിക്കും’ -ചാണ്ടി ഉമ്മൻ വ്യക്തമാക്കി.