തിരുവനന്തപുരത്ത് ബാലവേല; മിന്നല്‍ പരിശോധനയുമായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്
ബാലഭിക്ഷാടനവും ബാലവേലയും വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നു. കിഴക്കേക്കോട്ടയിൽ ബാലവേലയിൽ ഏർപ്പെട്ടിരുന്ന പതിനഞ്ചുകാരനെ കണ്ടെത്തി സി ഡബ്ല്യു സിയിലേക്ക് മാറ്റി. മാതാപിതാക്കളെ വിളിച്ചുവരുത്തിയ സിഡബ്ല്യുസി, ബാലന് രണ്ടാഴ്ച കൗൺസിലിങ് നൽകാൻ തീരുമാനിച്ചു.
തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകളിൽ ബാല ഭിക്ഷാടനവും ബാലവേലയും വ്യാപകമാകുന്നുവെന്ന പരാതികളാണ് സി ഡബ്ല്യുസിക്കും ചൈൽഡ് ലൈനും ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നഗരത്തിൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ മിന്നൽ പരിശോധന. തൊഴിൽ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പോലീസും പരിശോധനയിൽ ഭാഗമായി. ബാലഭിക്ഷാടനം പതിവായ ഈഞ്ചക്കൽ, അട്ടക്കുളങ്ങര, ഓവർ ബ്രിഡ്ജ്, പുത്തരിക്കണ്ടം, വഞ്ചിയൂർ മേഖലകളിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
കനത്ത ചൂടും റോഡ് നിർമ്മാണം നടക്കുന്നതിനാലുമാണ് ഈ മേഖലയിൽ ആരെയും കണ്ടെത്താനാകാത്തത് എന്നാണ് ഉദ്യോഗസ്ഥ നിഗമനം. എന്നാൽ കിഴക്കേകോട്ട ബസ്റ്റാൻഡിൽ ബാലവേലയിൽ ഏർപ്പെട്ടിരുന്ന
പതിനഞ്ചുകാരനെ കണ്ടെത്തി. വലിയതുറ സ്വദേശിയായ പതിനഞ്ചുകാരൻ സോപ്പ് വിൽക്കുകയായിരുന്നു. ബാലനെ സി ഡബ്ല്യു സിയുടെ സംരക്ഷണയിലേക്ക് മാറ്റി.
പതിനഞ്ചുകാരന്റെ മാതാപിതാക്കളെ സി ഡബ്ല്യുസി വിളിച്ചുവരുത്തി.രണ്ടുവർഷമായി ബാലൻ കിഴക്കേകോട്ടയിൽ സോപ്പ് കച്ചവടം നടത്തുകയായിരുന്നുവെന്ന് മൊഴികളിൽ നിന്ന് കണ്ടെത്തി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കും വരെ ബാലനെ CWC സംരക്ഷിക്കാമെന്ന് അറിയിച്ചെങ്കിലും മാതാവ് അതിനോട് യോജിച്ചില്ല. തുടർന്ന് ബാലനെ രണ്ടാഴ്ചത്തെ കൗൺസിലിങ്ങിന് വിട്ടു.
വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ തീരുമാനം.