നൂതന മിസൈലുകളടക്കം ചൈന പാകിസ്താന് കൈമാറിയതായി റിപ്പോർട്ട്

China

ഡൽഹി: പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ നൂതന മിസൈലുകളടക്കം ചൈന കൈമാറിയതായി റിപ്പോർട്ട്. ഇന്ത്യക്ക് പിന്തുണ അറിയിച്ച് യുഎസ് വിദേശകാര്യമന്ത്രാലയവും രംഗത്തെത്തി. എന്നാൽ സംഘർഷത്തിലേക്ക് പോകാതെ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് യുഎസും ചൈനയും ആവശ്യപ്പെടുന്നത്.China

ചൈനയുടെ പിഎൽ – 15 ദീർഘദൂര മിസൈലുകൾ പാകിസ്താന് കൈമാറിയതായാണ് റിപ്പോർട്ട്. പാക് വ്യോമസേനയുടെ ഏറ്റവും പുതിയ ജെ‌എഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പി‌എൽ -15 ബി‌വി‌ആർ മിസൈലുകൾ ഘടിപ്പിച്ച ചിത്രങ്ങൾ പുറത്തുവന്നു. പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദാറുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു. പാകിസ്താന്‍റെ ഭീകരവിരുദ്ധ നടപടികളെ ചൈന പിന്തുണയ്ക്കുമെന്നാണ് വാങ് യി പറഞ്ഞത്.

പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് പാകിസ്താന് പിന്തുണയുണ്ടാകുമെന്ന് ചൈന അറിയിച്ചതായും ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇരുപക്ഷവും സംയമനം പാലിച്ച് സംഘർഷങ്ങൾ ലഘൂകരിക്കാൻ പ്രവർത്തിക്കണമെന്നും വാങ് യി അറിയിച്ചു.

അതേസമയം പഹൽഗാം ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് അറിയിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് റോയിട്ടേഴ്സിന് അയച്ച മെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ പ്രതികരണത്തിൽ പാകിസ്താനെ യുഎസ് വിമർശിക്കുന്നില്ല.

അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം തടയാൻ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നാണ് യുഎസ് ഇരുരാജ്യങ്ങളോടും ആവശ്യപ്പെടുന്നത്. അതേസമയം തുർക്കി വ്യോമസേനയുടെ 7 സി – 130 ഹെർക്കുലീസ് വിമാനങ്ങടക്കമുള്ള ആയുധങ്ങൾ പാകിസ്താനിലെത്തിയതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *