കോളറയും, എലിപ്പനിയും; സംസ്ഥാനത്ത് പനിബാധിച്ച് എട്ടുമരണം, ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് ഇന്ന് എട്ടു മരണം. നാലു പേർ എലിപ്പനി ബാധിച്ചും ഒരാൾ മഞ്ഞപ്പിത്തം ബാധിച്ചുമാണ് മരിച്ചത്. 12,204 പേരാണ് പനിബാധിച്ച് ഇന്ന് ചികിത്സ തേടിയത്. 173 പേർക്ക് ഡെങ്കിപ്പനിയും, 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ പനി മരണങ്ങൾ 11 ആയി. തിരുവനന്തപുരത്ത് 4 പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര കെയർ ഹോമിലെ അന്തേവാസികളായ നാലുപേർക്കാണ് കോളറ സ്ഥീരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ സ്ഥീരികരിച്ചവരുടെ എണ്ണം 12 ആയി. വിഷയത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതായും മന്ത്രി പറഞ്ഞു. കെയർ ഹോം നടത്തിപ്പുകാർ പ്രത്യേക ശ്രദ്ധ പുലർത്തണം. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.