ക്രി​സ്മ​സ്, പു​തു​വ​ർ​ഷം; ബ്ലോക്കായി ദേശീയപാത; കാത്തിരിപ്പ് മണിക്കൂറുകൾ

ദേശീയപാത കക്കാടിനും കൂരിയാടിനും ഇടയിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

തിരൂരങ്ങാടി: പുതുവത്സര സീസണും അവധിക്കാലവും ആയതോടെ കുരുക്കിലമർന്ന് ദേശീയപാത. കക്കാടിനും കൊളപ്പുറം ഇടയിലാണ് ദിവസങ്ങളായി രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. വാഹനങ്ങൾ മണിക്കൂറുകളോളമാണ് കുടുങ്ങിക്കിടക്കുന്നത്.

കൂരിയാട് ദേശീയപാതയിൽ മേൽപ്പാലം പണി നടക്കുന്നതിനാൽ കക്കാട് കഴിഞ്ഞാൽ വാഹനങ്ങൾ സർവീസ് റോഡിലൂടെയാണ് പോകുന്നത്. മലപ്പുറം, വേങ്ങര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും കൂരിയാട് അടിപാതയിലൂടെയാണ് പോകാനാവുക.

ഇതിനാൽ തന്നെ ഇവിടെ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ദേശീയപാതയിലടക്കം പ്രകടമാവുന്നുണ്ട്. കൊച്ചിയിൽ നിന്നടക്കം കോഴിക്കോട്, മംഗലാപുരം ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർ കനത്ത ഗതാഗത കുരുക്കിൽപ്പെടുന്നത് കുറച്ചു ദിവസങ്ങളായി ഇവിടത്തെ നിത്യസംഭവമാണ്. കൂരിയാട്ടെ മേൽപ്പാലത്തിന്റെ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നാലേ യാത്ര സുഗമമാവൂ എന്ന് നാട്ടുകാർ പറയുന്നു.