റോളർ ഹോക്കിയിൽ മലയോരത്തിന്റെ മാണിക്യമായി ക്രിസ്റ്റഫർ; ഇന്ത്യൻ ടീമിലെത്തുന്ന ആദ്യ മലയാളി

തൊടുപുഴ: റോളർ ഹോക്കിയിൽ മലയാളത്തിന്റെ വിസ്മയമാവുകയാണ് ക്രിസ്റ്റഫർ സണ്ണി. ദേശീയ അണ്ടർ 19 ടീമിൽ ഇടം നേടി രാജ്യാന്തര തലത്തിൽ മികവ് തെളിയിച്ചാണ് ഈ തൊടുപുഴക്കാരൻ ശ്രദ്ധേയനാകുന്നത്. പരഗ്വെ തലസ്ഥാനമായ അസുൻസിയോണിൽ നടന്ന ലോക സ്കേറ്റ് ഗെയിംസിൽ ഇന്ത്യൻ ടീമിൽ ക്രിസ്റ്റഫറുമുണ്ടായിരുന്നു. ക്വാർട്ടർ ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട ടീം ബുധനാഴ്ച നാട്ടിൽ മടങ്ങിയെത്തി. തൊടുപുഴക്കടുത്ത ഒളമറ്റം കാവിൽപുരക്കൽ സണ്ണി-റെനി ദമ്പതികളുടെ ഇളയമകനാണ് ഈ മിടുക്കൻ. മാതാപിതാക്കൾക്ക് കൃഷിയിലായിരുന്ന കമ്പമെങ്കിൽ ക്രസ്റ്റഫറിന് ചെറുപ്പം തൊട്ടേ സ്കേറ്റിങ്ങിലായിരുന്നു കമ്പം. മകന്റെ ഇഷ്ടത്തിനൊപ്പം മാതാപിതാക്കളും ചേർന്നതോടെ വെങ്ങല്ലൂർ യു.പി സ്കൂളിലെ റോൾ ഹോക്കി അക്കാദമിയിൽ പരിശീനം തുടങ്ങി.
തൊടുപുഴ ജയറാണി പബ്ലിക് സ്കൂളിലാണ് ഒന്നു മുതൽ 10 വരെ പഠിച്ചത്. ഇക്കാലയളവിൽ പരിശീലനവും തുടർന്നു. കൂടുതൽ മികച്ച പരിശീലനം ലക്ഷ്യമിട്ടാണ് പ്ലസ് വൺ മുതൽ മാള ഹോളി ഗ്രേസ് അക്കാദമിയിൽ ചേർന്നത്. നിലവിൽ ഇവിടെ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിയാണ്. കഴിഞ്ഞ ദേശീയ മത്സരത്തിൽ കേരളത്തിന്റെ ജൂനിയർ റോളർ ഹോക്കി ടീമിനായി കളിച്ചാണ് ക്യാപ്റ്റനെന്ന നിലയിൽ ക്രിസ്റ്റഫർ ദേശീയ ശ്രദ്ധ നേടിയത്. ഇതോടെ ദേശീയ ടീമിലേക്കുളള വാതിലും തുറന്നു. തുടർന്ന് ലോക ഗെയിംസിനായി പരാഗ്വൊയിലേക്ക് പറന്നു. കായിക കേരളത്തിന്റെ പ്രതീക്ഷയായി മലയോരത്തുനിന്ന് റോളർ ഹോക്കിയിൽ ഉദിച്ചുയരുന്ന ക്രിസ്റ്റഫറിന് പിന്തുണയുമായി മാതാപിതാക്കളോടൊപ്പം സഹോദരൻ ക്രിസ്റ്റോയും സഹോദരി ക്രിസ്റ്റീനയുമുണ്ട്.
