കായികമേളയുടെ സമാപന ചടങ്ങിൽ സംഘർഷം; വിദ്യാർഥികളും പൊലീസും തമ്മിൽ കയ്യാങ്കളി

Clash at closing ceremony of sports festival;  Clashes between students and police

 

എറണാകുളം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സമാപന ദിനം സംഘർഷം. സംഘർഷത്തെ തുടർന്ന് സമാപന കലാപരിപാടികൾ തടസപ്പെട്ടു. പോയിന്റുമായി ബന്ധപ്പെട്ടാണ് സംഘർഷം.

 

മികച്ച സ്‌കൂളുകളുടെ പട്ടികയിൽ സ്‌പോർട്‌സ് സ്‌കൂളായ ജിവി രാജയെ പരിഗണിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. നാവമുകുന്ദാ, മാർ ബേസിൽ സ്‌കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിക്കുന്നത്.

 

കായികമേളയുടെ ഒദ്യോഗിക സൈറ്റിൽ 80 പോയിന്റുകളുമായി ഒന്നാം സ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിക്കും, രണ്ടാം സ്ഥാനം 44 പോയിന്റുകളോടെ നാവമുകുന്ദ എച്ച്.എസ്.എസ് തിരുനാവായയ്കും, മൂന്നാം സ്ഥാനം മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലത്തിനുമായിരുന്നു. എന്നാൽ 55 പോയിന്റുകളുള്ള സ്‌പോർസ് ഹോസ്റ്റൽ വിഭാഗത്തിൽ പെടുന്ന ജി.വി രാജ സ്‌പോർട് സ്‌കൂളിന് രണ്ടാം സ്ഥാനം നൽകുകയായിരുന്നു.

 

തുടർന്ന് രണ്ടാം സ്ഥാനത്തുള്ള നാവമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ മൂന്നാം സ്ഥാനത്തിലേക്കും മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം നാലാം സ്ഥാനത്തേക്കും തള്ളപ്പെടുകയായിരുന്നു.

 

ഒരറിയിപ്പുമില്ലാതെ സ്പോർട്സ് സ്കൂളിനെ മികച്ച സ്കൂളുകളുടെ പട്ടികയിൽ പെടുത്തുകയും രണ്ടാം സ്ഥാനത്തിൻ്റെ പുരസ്കാരം നൽകുകയും ചെയ്യുകയായിരുന്നു.

 

ഗ്രൗണ്ടിൽ തുടങ്ങിയ പ്രതിഷേധത്തിന് പിന്നാലെ സ്റ്റേജിലേക്ക് കടക്കാൻ ശ്രമിച്ച കുട്ടികളെ പൊലീസ് തടഞ്ഞതിന് പിന്നാലെ വിഷയം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. കുട്ടികളിലൊരാളെ പൊലീസ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ ശ്രമിച്ചതാണ് കയ്യാങ്കളിക്ക് കാരണമായത്. കുട്ടികളെ പൊലീസ് മർദിച്ചെന്നും പരാതിയുണ്ട്.

 

മുൻ വർഷങ്ങളിൽ സ്‌പോർട്‌സ് സ്‌കൂളുകളുടെ പോയിന്റ് നില മികച്ച സ്‌കൂളുകളുടെ പട്ടികയിൽ പരിഗണിച്ചിരുന്നില്ല എന്നാൽ ഈ വർഷം മുതൽ സ്‌പോർട്‌സ് സ്‌കൂളുകളെ പരിഗണിക്കുന്നത് തുടങ്ങിയിരുന്നു.

 

തൃക്കാക്കര എസിപി അടക്കം വൻ പൊലീസ് സന്നാഹം തന്നെ സംഭവസ്ഥലത്തുണ്ട്.

 

പ്രതിഷേധത്തിന് പിന്നാലെ വിദ്യാർഥികളും അധ്യാപകരും സമാപന വേദി വിട്ടുപോകാതെ പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *