വടക്കന്‍ സിറിയയില്‍ തുര്‍ക്കി അനുകൂല സേനയും കുര്‍ദുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 37 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ദമസ്‌കസ്: വടക്കന്‍ സിറിയയില്‍ തുര്‍ക്കി അനുകൂല സേനയും കുര്‍ദിഷ് സേനയും തമ്മില്‍ ഏറ്റുമുട്ടൽ. വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 37 പേര്‍ കൊല്ലപ്പെട്ടതായി സിറിയൻ വാർ മോണിറ്ററായ ‘സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ്’ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ സിറിയയിലെ മന്‍ബിജ് ഗ്രാമപ്രദേശങ്ങളില്‍ തുര്‍ക്കിയുടെ പിന്തുണയുള്ള നാഷണല്‍ ആര്‍മി സേനയും കുര്‍ദിഷ് സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസും (എസ്ഡിഎഫ്) ആണ് ഏറ്റുമുട്ടിയത്.killed
‘ആക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു. മരണപ്പെട്ടവരില്‍ കൂടുതലും തുര്‍ക്കി പിന്തുണയുള്ള നാഷണല്‍ ആര്‍മിയിലെ അംഗങ്ങളാണ്. ആറ് എസ്ഡിഎഫ് അംഗങ്ങളും അഞ്ച് സിവിലിയന്മാരും മരണപ്പെട്ടിട്ടുണ്ട്’ -ബ്രിട്ടീഷ് ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. കഴിഞ്ഞ മാസം മുതല്‍ മന്‍ബിജ് ഗ്രാമപ്രദേശങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏകദേശം 322 പേരാണ് കൊല്ലപ്പെട്ടത്.
സിറിയന്‍ പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദിനെ അട്ടിമറിക്കാന്‍ ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തില്‍ വിമതപ്പട നീങ്ങിയ അതേസമയത്തുതന്നെ തുര്‍ക്കി അനുകൂല സംഘങ്ങള്‍ മേഖലയില്‍ ആക്രമണം ആരംഭിച്ചിരുന്നു. മന്‍ബിജ്, താല്‍ റിഫാത്ത് നഗരങ്ങള്‍ എസ്ഡിഎഫില്‍ നിന്ന് അവര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മന്‍ബിജിലും പരിസരത്തുള്ള ഗ്രാമങ്ങളിലും ശക്തമായ ആക്രമണം നടക്കുകയാണ്.
എസ്ഡിഎഫ് തലവനായ മസ്ലൂം അബ്ദി സിറിയയിലുടനീളം വെടിനിര്‍ത്തല്‍ പ്രഖ്യപിക്കണമെന്ന് സിറിയയുടെ പുതിയ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അവസാനം കുര്‍ദിഷ് നേതാക്കളും സിറിയൻ അധികൃതരും ചേര്‍ന്ന് നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് അബ്ദി വെടിനിര്‍ത്തല്‍ പ്രഖ്യപിക്കണമെന്ന് ആവശ്യപ്പെട്ടത്.
2011ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ സര്‍ക്കാര്‍ സൈന്യം പിന്‍മാറിയതോടെ സിറിയയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളും ഡെയ്ര്‍ എസോര്‍ പ്രവിശ്യയുടെ ഭാഗങ്ങളും എസ്ഡിഎഫിന്റെ നിയന്ത്രണത്തിലാണ്. സംഘത്തിന് യുഎസിന്റെ പിന്തുണയുമുണ്ട്. കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഭാഗമാണ് എസ്ഡിഎഫ് എന്നാണ് തുര്‍ക്കി പറയുന്നത്. തുര്‍ക്കി സര്‍ക്കാര്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി.