അബു അരീക്കോടിന്റെ ഓർമ ദിനത്തിൽ സഹപാഠിയുടെ കുറിപ്പ്: ‘എല്ലാവരെയും ചേർത്ത് നിർത്തിയവൻ, അവനെ ചേർത്ത് നിർത്താൻ ആരും ഇല്ലാതെ ആയി പോയോ?…’

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യവും നിയമവിദ്യാർഥിയുമായിരുന്ന അബു അരീക്കോടിന്റെ ഒന്നാം ചരമവാർഷികത്തിൽ ഹൃദയസ്പർശിയായ ഓർമക്കുറിപ്പുമായി സഹപാഠിയും അടുത്ത സുഹൃത്തുമായ ഷബീൽ മുഹമ്മദ്. അബുവിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ശൂന്യത വിവരിക്കുന്ന കുറിപ്പാണ് ഷബീൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

താമരശ്ശേരി കൈതപ്പൊയിൽ മർകസ് ലോ കോളജിലെ മൂന്നാം വർഷ നിയമ വിദ്യാർഥിയായിരുന്ന അബു അരീക്കോട് എന്ന വി.സി. അബൂബക്കറി(24)നെ കഴിഞ്ഞ വർഷം നവംബർ 8നാണ് കോഴിക്കോട് പുതുപ്പാടിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം കാരിപ്പറമ്പ് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ അരീക്കോട് മേഖലാ ഭാരവാഹിയുമായി പ്രവർത്തിച്ചുവരികയായിരുന്നു. എസ്എഫ്ഐ അരീക്കോട് ഏരിയാ സഹഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

സാമ്പത്തിക ബാധ്യതകളും ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയുമാണോ മരണത്തിലേക്ക് നയിച്ചതെന്ന സംശയമുയർന്നിരുന്നു. സംഭവത്തിൽ കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. സി.പി.എമ്മിനുവേണ്ടി സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അബുവിന്റെ വിയോഗം രാഷ്ട്രീയ, സൗഹൃദ വൃത്തങ്ങളിൽ വലിയ ദുഃഖമുണ്ടാക്കിയിരുന്നു.

‘ഇത്രമാത്രം പൊട്ടിക്കരഞ്ഞ ദിനം ഈ ജീവിതകാലയളവിൽ മുൻപെങ്ങും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവാതിരിക്കട്ടെ’ എന്ന വാക്കുകളോടെയാണ് ഷബീലിന്റെ കുറിപ്പ് തുടങ്ങുന്നത്. വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിച്ചിരുന്നെങ്കിലും അതൊരിക്കലും തങ്ങളുടെ സൗഹൃദത്തിന് തടസ്സമായിരുന്നില്ല. രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നെങ്കിലും പരസ്പരം എതിർപ്പോ വെറുപ്പോ ഉണ്ടാകാതിരിക്കാൻ അബു എപ്പോഴും ശ്രദ്ധിച്ചിരുന്നു. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും സൗഹൃദവും പരസ്പര ബഹുമാനവും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു അബുവിന്റേത്.

സുഹൃത്തിന്റെ ഫോൺകോളിലൂടെയാണ് അബുവിന്റെ മരണവിവരം അറിഞ്ഞത്. വാർത്ത കേട്ടപ്പോൾ ആദ്യം വിശ്വസിക്കാനായി​ല്ല. അബു ആശുപത്രിയിലായിരിക്കുമെന്നും ഒന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്നുമുള്ള പ്രതീക്ഷയോടെയാണ് താമസസ്ഥലത്തേക്ക് ഓടിയെത്തിയത്. എന്നാൽ അവിടെ കണ്ട കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതായിരുന്നുവെന്ന് ഷബീൽ കുറിക്കുന്നു.

അബുവുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ഒരിക്കൽ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ ‘ഞാനും നിന്റെ കൂടെ വരട്ടെ’ എന്ന അബുവിന്റെ ചോദ്യത്തിൽ നിന്നാണ് സൗഹൃദം ആരംഭിച്ചത്. പിന്നീട് ഒന്നാം വർഷം മുഴുവൻ ഇരുവരും ഒരുമിച്ചായിരുന്നു യാത്ര. രണ്ടാം വർഷം മുതൽ ഒരേ മുറിയിൽ താമസവും തുടങ്ങി. ഒരുമിച്ച് ഭക്ഷണം പാകം ചെയ്തും ഒരു പ്ലേറ്റിൽ നിന്ന് കഴിച്ചും ഒരു കിടക്കയിൽ ഉറങ്ങിയും കഴിഞ്ഞ ദിവസങ്ങൾ…

ജീവിതത്തിലെ വലിയ പ്രതിസന്ധികളെപ്പോലും നിസ്സാരമായി നേരിട്ടിരുന്ന ആളായിരുന്നു അബു. മറ്റുള്ളവർക്ക് താങ്ങായും പ്രതിസന്ധികളിൽ ചേർത്തുനിർത്തിയും നിന്നിരുന്ന അബുവിന്റെ അപ്രതീക്ഷിത വിയോഗം ഇന്നും ഉൾക്കൊള്ളാനായിട്ടില്ലെന്നും ഷബീൽ പറയുന്നു. പ്രായമായവരോടും വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നുള്ള മനുഷ്യരോടും സ്നേഹവും കരുതലും അബു പുലർത്തിയിരുന്നു. പൊതുവെ ദേഷ്യപ്പെടാത്ത പ്രകൃതക്കാരനായിരുന്ന അബു എല്ലാവരോടും സ്നേഹത്തോടെയാണ് ഇടപെട്ടിരുന്നത്.

‘അവൻ മരിച്ച നാൾ മുതൽ ഇന്ന് ഈ നിമിഷം വരെ അവനെ ഓർക്കാത്ത ഒരു ദിവസവും കടന്നുപോയിട്ടില്ല. കരകവിഞ്ഞ മനുഷ്യസ്നേഹിയെയായിരുന്നു ഞാൻ അവനിൽ കണ്ടത്. എല്ലാവരെയും ചേർത്തുനിർത്തിയവൻ, അവനെ ചേർത്തുനിർത്താൻ ആരും ഇല്ലാതെയായിപ്പോയോ?’ എന്ന ചോദ്യത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

ഇത്രമാത്രം പൊട്ടിക്കരഞ്ഞ ദിനം ഈ ജീവിതകാലയളവിൽ മുൻപെങ്ങും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവാതിരിക്കട്ടെ.

ഒരു ശനിയാഴ്ച ദിവസം കൂട്ടുകാരനോടൊപ്പം കല്യാണത്തിന് പോകാൻ ഒരുങ്ങുന്ന സമയത്താണ് ജാനിർന്റെ ഫോൺ കോൾ വരുന്നത്. അബു സൂയിസൈഡ് ചെയ്തെന്ന് പറഞ്ഞപ്പോൾ അവൻ! ഞാൻ അവനോട് ആഴ്ചയോ? ഹോസ്പിറ്റലിൽ പോയോ എന്നൊക്കെ.

ഇല്ല ഇല്ല എന്ന് മാത്രം മറുപടി. പിന്നീട് സംസാരമൊന്നുമില്ല, കോൾ കട്ടായി.

ഒരു നിമിഷം ഞാൻ ആകെ നിശ്ചലമായി. തുടർന്ന് ബൈക്ക് എടുത്ത് നേരെ റൂമിലേക്ക് പോയി. വീട്ടിൽ നിന്ന് റൂമിലേക്ക് സാധാരണ എത്താൻ 35 മിനിറ്റ് എടുക്കും. അന്ന് ഞാൻ 20 മിനിറ്റിൽ എത്തി. അത്ര തിടുക്കപ്പെടുത്തിയിരുന്നു പോയത്.

അവിടെ എത്തിയപ്പോൾ കണ്ടത് ജനലിൽ തൂങ്ങി നിൽക്കുന്ന പ്രിയപ്പെട്ടവനെ. മരിച്ചിട്ട് ഉണ്ടാവില്ല, ഹോസ്പിറ്റലിൽ ആയിരിക്കും, ഒന്നും ഉണ്ടാവല്ലേ പടച്ചോനെ എന്ന് പ്രാർഥിക്കുന്നോടൊപ്പം അവനെ ഒരുപാട് വഴക്ക് പറഞ്ഞായിരുന്നു പോയത്.

അവിടെ എത്തിയപ്പോൾ കണ്ടത് നിശ്ചലമായ അവന്റെ ശരീരം.

ജീവിതത്തിൽ അത്രമാത്രം പ്രതിസന്ധികൾ തരണം ചെയ്തവൻ, ഞങ്ങൾക്ക് താങ്ങായവൻ, ചേർത്ത് നിർത്തിയവൻ, അവനിങ്ങനെ എന്ന ചോദ്യം മാത്രം ബാക്കി.

എത്ര വലിയ പ്രശ്നങ്ങളും അവൻ നിസാരമായി നേരിടുന്ന കണ്ട് പലപ്പോഴും ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. അവൻ ഇങ്ങനെ ഒക്കെ പറ്റോ, ഞങ്ങളെ ഒറ്റക്കാക്കി പോകാൻ പറ്റോ. അരുതില്ല എന്ന ഉത്തരം മാത്രം ബാക്കി!

ഞങ്ങൾ തമ്മിൽ പ്രത്യേക ആത്മബന്ധം ഉണ്ടായിരുന്നു, എന്ത് സംഭവിച്ചാലും കൂടെ ഉണ്ടാവും എന്ന വിശ്വാസം പരസ്പരം ഉണ്ടായിരിക്കണം.

എവിഡാ സ്ഥലം. ക്ലാസ് കഴിഞ്ഞു പോകുമ്പോൾ മുഖം വരെ ഞാനും നിന്റെ കൂടെ വരട്ടെ എന്ന അവന്റെ ചോദ്യത്തിൽ നിന്ന് തുടങ്ങിയ ബന്ധം. പിന്നീട് ആദ്യ വർഷം മുഴുവൻ ഒരുമിച്ചായിരുന്നു യാത്ര. രണ്ടാം വർഷം മുതൽ അവിടെ ഒരുമിച്ച് താമസവും തുടങ്ങി. ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് ഒരു പ്ലേറ്റിൽ വിളമ്പി ഒരു കിടക്കയിൽ ഒന്നിച്ചുറങ്ങി.

വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങൾ വിശ്വസിച്ചവരായിരുന്നു ഞങ്ങൾ. രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാറുണ്ടായിരുന്നുവെങ്കിലും പരസ്പരം എതിര്‍പ്പൊ വെറുപ്പോ ഇല്ലാതിരിക്കത്തവണ്ണം മാത്രം സംസാരിക്കാൻ അവൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

അവൻ മരിച്ച നാൾ മുതൽ ഇന്ന് ഈ നിമിഷം വരെ അവനെ ഓർക്കാത്ത ഒരു ദിവസവും കടന്ന് പോയിട്ടില്ല.

എല്ലാവരോടും അവൻ സ്നേഹമായിരുന്നു. പൊതുവെ ദേഷ്യപ്പെടാത്ത പ്രകൃതം. പ്രായമായവരോടും വ്യത്യസ്തരായ മനുഷ്യരോടും അവന്റെ പ്രത്യേക താല്പര്യമായിരുന്നു.

ഞാൻ അവനിൽ കണ്ടത് ഒരു കര കവിഞ്ഞ മനുഷ്യസ്നേഹിയായിരുന്നു. എല്ലാവരെയും ചേർത്ത് നിർത്തിയവൻ, അവനെ ചേർത്ത് നിർത്താൻ ആരും ഇല്ലാതെ ആയി പോയോ?