ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള സംഘ്പരിവാർ ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്ക ബാവ; 'മർദിക്കാനും ഭയപ്പെടുത്താനും അവർക്ക് കഴിയും, യേശുവിന്റെ നാമം ഭൂമിയിൽ നിന്ന് എടുത്തുമാറ്റാനാവില്ല'
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള സംഘ്പരിവാർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ക്ലീമിസ് കത്തോലിക്ക ബാവ. ജീവനെടുക്കാനും മർദിക്കാനും ഭയപ്പെടുത്താനും അവർക്ക് കഴിയും, ചേർത്തുനിർത്താനും ധൈര്യപ്പെടാനുമാണ് നമുക്ക് കഴിയേണ്ടതെന്ന് ക്ലീമിസ് ബാവ പറഞ്ഞു.
കരോൾ സംഘങ്ങളെ ആക്രമിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ ദേശത്ത് വർധിച്ച് വരികയാണ്. രാജ്യത്തും ലോകത്തും ഇത്തരം അക്രമങ്ങൾ വർധിക്കുന്നു.ക്രിസ്മസ് ദിനത്തിൻറെ പ്രാധാന്യവും തകർത്തു കളയാൻ അനേകർ ശ്രമിക്കുകയാണ്. അതിൻറെ പൊലിമ കളയാൻ മറ്റ് ആഘോഷങ്ങൾ പ്രഖ്യാപിക്കുന്നു. യേശുവിൻറെ നാമം ഭൂമിയിൽ നിന്ന് എടുത്തുമാറ്റാൻ ദൈവത്തിനല്ലാതെ മറ്റാർക്കും കഴിയില്ല. ഭരണാധികാരികൾക്ക് വേണ്ടി പ്രാർഥിക്കാമെന്നും ദൈവഭയത്തോടും നന്മയോടും കൂടി ജനങ്ങളെ നയിക്കാൻ കഴിയേണമേ എന്നും പ്രാർത്ഥിക്കാമെന്നും ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു.
ക്രൈസ്തവ വിശ്വാസികൾക്കെതിരെയുള്ള ആക്രമണം വർധിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും പറഞ്ഞു. ക്രിസ്മസ് സന്ദേശത്തിലൂടെയാണ് വിമർശനം.
ആക്രമണങ്ങൾ തടയുന്നതിൽ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടാകാത്തത് പ്രതിഷേധാർഹമെന്ന് സി.എസ്.ഐ സഭ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനും പ്രതികരിച്ചു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകർത്തുകളയാൻ ശ്രമിക്കുന്നതായാണ് ക്രൈസ്തവ സഭകളുടെ വിമർശനം.
ഇത്തരം അക്രമണങ്ങൾ അപലനീയമെന്ന് സിഎസ്ഐ സഭ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ പ്രതികരിച്ചപ്പോൾ എല്ലാ മതങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ കൂട്ടിച്ചേർത്തു.
