എഡിജിപിക്കെതിരായ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രി കാണും; നടപടിയുണ്ടാകുമെന്ന് സൂചന
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ സർക്കാർ ഇന്ന് നടപടിയെടുക്കുമെന്ന് സൂചന. ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാണും. റിപ്പോർട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രി ഉടൻ തന്നെ നടപടിയെടുക്കുമെന്നാണ് വിവരം.
അതീവ ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ആഭ്യന്തര സെക്രട്ടറി ഇന്ന് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. മുഖ്യമന്ത്രി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഇന്ന് തന്നെ നടപടിയെടുക്കുമെന്നാണ് സൂചന.
നടപടിയിൽ രണ്ട് സാധ്യതകളാണ് നിലവിലുള്ളത്. ഒന്ന്, ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ നീക്കുക. രണ്ട്, കടുത്ത നടപടിയായ സസ്പെൻഷനിലേക്ക് കടക്കുക.
റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ഗുരുതര സ്വഭാവം പരിഗണിച്ചാൽ സസ്പെൻഷനാണ് സാധ്യതയേറെയും. നടപടിയെടുക്കുന്നതിൽ ഡിജിപിയുടെ തുടർനടപടികൾക്കുള്ള ശിപാർശയും ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശയും നിർണായകമാവും. ഇന്ന് തന്നെ നടപടി സ്വീകരിച്ചാൽ സിപിഐ അടക്കമുള്ള ഘടകകക്ഷികൾ മയപ്പെടും.
തിങ്കളാഴ്ചയ്ക്കകം നടപടിയെടുക്കണമെന്നാണ് സിപിഐ ഇതിനോടകം നൽകിയിരിക്കുന്ന അന്ത്യശാസനം. നാളെ നിയമസഭ വീണ്ടും സമ്മേളിക്കുന്നതിനാൽ പ്രതിപക്ഷം ഈ വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവരാനുള്ള സാധ്യതയും കൂടുതലാണ്. ഇന്ന് തന്നെ നടപടിയെടുത്താൽ പ്രതിപക്ഷത്തെ നിയമസഭയിൽ നേരിടാൻ മുഖ്യമന്ത്രിക്ക് കഴിയും. റിപ്പോർട്ട് കൈമാറിയതോടെ അടിയന്തര നടപടിയുണ്ടാകുമെന്ന് രത്നച്ചുരുക്കം.