പിണറായിക്കും മുഹമ്മദ് റിയാസിനും താൽക്കാലിക ആശ്വാസം; വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈകോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: സി.എം.ആർ.എൽ –എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് താൽക്കാലിക ആശ്വാസമായി ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്.

പിണറായിക്കെതിരായ കൈക്കൂലി കേസും പി.എ. മുഹമ്മദ് റിയാസ് എം.എൽ.എക്കെതിരായ ഹവാല കേസും രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമുള്ള എല്ലാ തുടർനടപടികളും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യംചെയ്ത് പിണറായി സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് നടപടി. അപ്പീലിൽ വാദം പൂർത്തിയാകുന്നത് വരെ എഫ്‌.ഐ.ആറില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശിച്ചു.

വിജിലന്‍സിനും ഇ.ഡിക്കും കോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കകം ഇ.ഡിയും വിജിലന്‍സും മറുപടി നല്‍കണമെന്നാണ് നിർദേശം. ഇതിനുശേഷം ഹരജിയിൽ വിശദമായ വാദം കേൾക്കുമെന്നും സിംഗിള്‍ ബെഞ്ച് വിധിയിലെ നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ഹൈകോടതിയിലെ വാദത്തിനിടെ, സി.എം.ആർ.എൽ കേസില്‍ ഇ.ഡിയുടെ അന്വേഷണ അധികാരത്തെ പിണറായി വിജയന്‍ ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ ഇടപെടല്‍ കമ്പനീസ് ആക്ടിലെ വ്യവസ്ഥകളെ അപ്രസക്തമാക്കുമെന്നും ആദ്യം കേസ് അന്വേഷിച്ച എസ്.എഫ്.ഐ.ഒ ഒരു വിവരവും സംസ്ഥാന സര്‍ക്കാറിന് കൈമാറിയിട്ടില്ലെന്നും പിണറായിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്ര വാദിച്ചു.

ഹരജിക്കാരനായ കെ.എം. ഷാജഹാന് തന്നോട് രാഷ്ട്രീയ പകയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മുഹമ്മദ് റിയാസിന്റെ അഭിഭാഷകനും വാദിച്ചിരുന്നു.

നിലവില്‍, ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി റിയാസിനും ആശ്വാസം നൽകുന്നു. റിയാസിനെതിരായ ഹവാല കേസിലെ എഫ്‌.ഐ.ആറും കോടതി സ്റ്റേ ചെയ്തു. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.