മാസപ്പടിക്കേസ്: കെ.എം. ഷാജഹാന് ഹൈകോടതിയുടെ രൂക്ഷ വിമർശനം, നിയമപരമായ യോഗ്യതയെന്തെന്ന് ചോദ്യം

കൊച്ചി: മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി. സർക്കാർ പ്രാഥമിക അന്വേഷണം നടത്തവേ, ഹൈകോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ച ഹരജിക്കാരൻ ആരെന്ന് കോടതി ചോദിച്ചു. എന്താണ് ഈ കേസിൽ വ്യവഹാരത്തിനുള്ള നിയമപരമായ യോഗ്യതയെന്നും കെ.എം. ഷാജഹാന്റെ അഭിഭാഷകനോട് ഹൈകോടതി ചോദിച്ചു. മാധ്യമങ്ങള്‍ നിങ്ങളെ പിന്തുണച്ചേക്കാം. പക്ഷേ, അത് ഹൈകോടതിക്ക് ബാധകമല്ലെന്നും കോടതിയെ പഠിപ്പിക്കാൻ വരരുതെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. നിങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
ആദ്യം പൊലീസിന് പരാതി നല്‍കണം. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഉന്നത അധികാരിയെ സമീപിക്കണം. അതിന് ശേഷം സ്വകാര്യ അന്യായവുമായി മജിസ്‌ട്രേറ്റിനെ സമീപിക്കണം. മജിസ്‌ട്രേറ്റ് പരാതി പൊലീസിന് കൈമാറണം. ഇതാണ് രാജ്യത്തെ നിയമമെന്നും കേസെടുക്കാനുള്ള ക്രിമിനല്‍ നടപടിക്രമം അഴിമതിക്കേസില്‍ ബാധകമല്ലേയെന്നും ഹൈകോടതി ചോദിച്ചു. കേസിൽ ഷാജഹാന്റെ ഇടപെടലിനെ സംസ്ഥാന സർക്കാറും കുറ്റപ്പെടുത്തി. ഹരജിക്കാരൻ സിംഗിൾ ബെഞ്ചിനെ സമീപിച്ചതാണ് സർക്കാറിന്റെ പ്രാഥമിക അന്വേഷണത്തെ തടസ്സപ്പെടുത്തിയതെന്ന് എജി വാദത്തിനിടെ പറഞ്ഞു.
അതേസമയം, സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് താൽക്കാലിക ആശ്വാസമായി ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനും എതിരെ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമുള്ള എല്ലാ തുടർനടപടികളും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് പിണറായി സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് നടപടി. അപ്പീലിൽ വാദം പൂർത്തിയാകുന്നത് വരെ എഫ്.ഐ.ആറില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ടി. നടരാജൻ, ജോൺസൺ ജോൺ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിജിലന്‍സിനും ഇ.ഡിക്കും കോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കകം ഇ.ഡിയും വിജിലന്‍സും മറുപടി നല്‍കണമെന്നാണ് നിർദേശം. ഇതിനുശേഷം ഹരജിയിൽ വിശദമായ വാദം കേൾക്കുമെന്നും സിംഗിള്‍ ബെഞ്ച് വിധിയിലെ നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഹൈകോടതിയിലെ വാദത്തിനിടെ, സി.എം.ആർ.എൽ കേസില്‍ ഇ.ഡിയുടെ അന്വേഷണ അധികാരത്തെ പിണറായി വിജയന്‍ ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ ഇടപെടല്‍ കമ്പനീസ് ആക്ടിലെ വ്യവസ്ഥകളെ അപ്രസക്തമാക്കുമെന്നും ആദ്യം കേസ് അന്വേഷിച്ച എസ്.എഫ്.ഐ.ഒ ഒരു വിവരവും സംസ്ഥാന സര്‍ക്കാറിന് കൈമാറിയിട്ടില്ലെന്നും പിണറായിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്ര വാദിച്ചു.
ഹരജിക്കാരനായ കെ.എം. ഷാജഹാന് തന്നോട് രാഷ്ട്രീയ പകയുണ്ടെന്ന് പിണറായി വിജയനും കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മുഹമ്മദ് റിയാസിന്റെ അഭിഭാഷകനും വാദിച്ചു. നിലവില്‍, ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി റിയാസിനും ആശ്വാസം നൽകുന്നതാണ്. റിയാസിനെതിരായ ഹവാല കേസിലെ എഫ്.ഐ.ആറും കോടതി സ്റ്റേ ചെയ്തു. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
