സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു
എറണാകുളം: ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായകനാണ്. ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി. എ സേവ്യറാണ് പിതാവ്.Xavier
അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരുകയായിരുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു. ക്യാമ്പസിൽ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപ്പം അനിലാണ് സൃഷ്ടിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു.
മാതാവ്: അൽഫോൻസ സേവ്യർ, സഹോദരൻ: അജീഷ് സേവ്യർ. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകണമെന്ന അനിലിൻ്റെ തീരുമാനം നടപ്പാക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.