‘ഇസ്രായേലിനെതിരെ ഇസ്‌ലാമിക രാജ്യങ്ങളുടെ സഖ്യം’; തുര്‍ക്കിയുടെ പുതിയ നീക്കമെന്ത്?
അങ്കാറ: ഇസ്രായേലിനെ നിലയ്ക്കുനിർത്താൻ ഇസ്‌ലാമിക രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. പശ്ചിമേഷ്യയിൽ നിയന്ത്രണം ശക്തമാക്കാനും കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കാനും ഇസ്രായേൽ നീക്കം നടത്തുന്നുണ്ടെന്ന ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഉർദുഗാന്റെ ആഹ്വാനം. മുസ്‌ലിം രാജ്യങ്ങൾ ഒന്നിച്ചുനിൽക്കുക മാത്രമാണ് ഇസ്രായേലിനെ പിടിച്ചുകെട്ടാൻ ഒരേയൊരു മാർഗമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈജിപ്തുമായും സിറിയയുമായും നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് പുതിയ രാഷ്ട്രീയനീക്കത്തിനും തുർക്കി കോപ്പുകൂട്ടുന്നുണ്ട്.Turkey
അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ തുർക്കി-അമേരിക്കൻ വംശജ കൊല്ലപ്പെട്ട സംഭവത്തിൽ നടത്തിയ പ്രതികരണത്തിലാണ് മുസ്‌ലിം രാജ്യങ്ങൾ ഒന്നിച്ചുനിൽക്കേണ്ട ആവശ്യകത ഉർദുഗാൻ ഊന്നിപ്പറഞ്ഞത്. ഇസ്രായേൽ അഹന്തയും കൊള്ളയും ഭരണകൂട ഭീകരതയും അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗം ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈജിപ്തുമായും സിറിയയിലെ ബശാറുൽ അസദ് ഭരണകൂടവുമായും നയതന്ത്രബന്ധം ശക്തമാക്കാൻ തുർക്കി തീരുമാനിച്ചിട്ടുണ്ട്. ലബനാനിനും സിറിയയ്ക്കും ഉൾപ്പെടെ ഭീഷണിയായി വളരുന്ന ഇസ്രായേൽ അധിനിവേശത്തിനെതിരെയുള്ള ഐക്യനിര കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഉർദുഗാൻ വെളിപ്പെടുത്തി.
1918ൽ ഉസ്മാനിയ സാമ്ര്യാജ്യം പിൻവാങ്ങിയ ശേഷം ഫലസ്തീനി പ്രദേശങ്ങൾ ഒന്നൊന്നായി കൈപ്പിടിയിലമർത്തുകയാണ് സയണിസ്റ്റുകളെന്നും അദ്ദേഹം തുടർന്നു. റാമല്ലയിലെയും ഗസ്സയിലെയും നേരിയ മുനമ്പിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ഫലസ്തീനികൾ. ഇപ്പോൾ വെസ്റ്റ് ബാങ്കിലും ഗസ്സയിലും കൂടി വംശഹത്യ നടത്തുകയാണ് ഇസ്രായേൽ ലക്ഷ്യം. ഇരകളുടെ ലിംഗമോ പ്രായമോ ഒന്നും പരിഗണിക്കാതെയാണ് അവർ ആക്രമണം തുടരുന്നതെന്നും ഉർദുഗാൻ വിമർശിച്ചു.
‘ഇത് ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള യുദ്ധമല്ല. അധിനിവേശ ശക്തിയായ സയണിസവും സ്വന്തം ജന്മനാടിനെ സംരക്ഷിക്കാൻ വേണ്ടി പോരാടുന്ന മുസ്‌ലിംകളും തമ്മിലുള്ള പോരാട്ടമാണ്. ഈ വിഷയം കണ്ടില്ലെന്നു നടിക്കുന്ന മുസ്‌ലിം രാജ്യങ്ങളും തുർക്കിക്കാരുമെല്ലാം ഗുരുതരമായൊരു പാതകമാണു ചെയ്യുന്നത്. വിദൂരമായ ഏതൊ ദേശത്ത് സംഭവിക്കുന്ന വിഷയമായാണ് അവരൊക്കെ ഇതിനെ കാണുന്നത്. അവരെ ബാധിക്കില്ലെന്നാണു വിചാരം.
എന്നാൽ, ഇസ്രായേൽ ഗസ്സയിൽ നിർത്തില്ലെന്ന് അവർ മനസിലാക്കണം. അടുത്തത് മറ്റൊരു ദേശത്തായിരിക്കും അവരുടെ കണ്ണ്. ഈ മേഖലയിലെ മറ്റു രാജ്യങ്ങളായിരിക്കും അവർ അടുത്തത് ലക്ഷ്യമിടുന്നത്. ലബനാനും സിറിയയുമെല്ലാം അവർ ആക്രമിക്കും. ടൈഗ്രീസിനും യൂഫ്രട്ടീസിനും ഇടയിലുള്ള നാടുകളെല്ലാം അവർ ആക്രമിക്കും. പുതിയ ഭൂപടം അവതരിപ്പിച്ച് അവർ അക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.”
പ്രസംഗത്തിൽ ഹമാസിനുള്ള പിന്തുണ ആവർത്തിച്ചുറപ്പിക്കുകയും ചെയ്തിട്ടുണ്ട് തുർക്കി പ്രസിഡന്റ്. മുസ്‌ലിംകൾക്കു വേണ്ടിയാണ് ഹമാസ് പോരാടുന്നതെന്നാണ് ഉർദുഗാൻ പറഞ്ഞത്. വെറും ഗസ്സയുടെ പ്രതിരോധം മാത്രമല്ല അവർ നടത്തുന്നത്. മുസ്‍ലിം ദേശങ്ങൾക്കും തുർക്കിക്കുമെല്ലാം വേണ്ടിയുള്ള പോരാട്ടമാണ് അവരുടേത്. ഇസ്രായേൽ ഭീകരത അവസാനിപ്പിക്കൽ മതപരമായ ബാധ്യത കൂടിയാണ്. മുന്നിലുള്ള ഭീഷണി തിരിച്ചറിഞ്ഞ് മുസ്‌ലിം രാജ്യങ്ങൾ ഉണർന്നെണീക്കണം. ഇസ്രായേൽ അധിനിവേശത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരു പൊതുനിലപാടിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുർക്കി ഈജിപ്തുമായുള്ള ബന്ധം പുനസ്ഥാപിച്ചത് ഗസ്സയ്ക്കും ഫലസ്തീന് ഒന്നാകെയും ഗുണമാകുമെന്നും ഉർദുഗാൻ പറഞ്ഞു. അയൽരാജ്യങ്ങളുമായി തുർക്കി ബന്ധം ശക്തിപ്പെടുത്തുന്നത് മേഖലയ്ക്ക് ഒന്നാകെ ഗുണമാകും. പശ്ചിമേഷ്യയിലെ സുഹൃദ് രാജ്യങ്ങളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, തുർക്കി പ്രസിഡന്റിന്റെ ഐക്യാഹ്വാനത്തിനെതിരെ ഇസ്രായേൽ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തുർക്കി ജനതയെ വിദ്വേഷത്തീയിലേക്ക് ഉന്തിയിടുകയാണ് ഉർദുഗാൻ ചെയ്യുന്നതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആരോപിച്ചു. കലാപത്തിനും അക്രമത്തിനുമുള്ള ആഹ്വാനമാണ് പ്രസ്താവനയെന്നും മന്ത്രി വിമർശിച്ചു.
ദിവസങ്ങൾക്കുമുൻപാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസി അങ്കാറയിലെത്തി റജബ് ത്വയ്യിബ് ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ 12 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഈജിപ്ത് പ്രസിഡന്റ് തുർക്കിയിലെത്തുന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം ഉർദുഗാനും സീസിയും സംയുക്ത വാർത്താസമ്മേളനവും നടത്തി. ഫലസ്തീൻ വിഷയത്തിൽ പൊതുനിലപാടിൽ ഉറച്ചുനിൽക്കുമെന്നും ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്നും വാർത്താ സമ്മേളനത്തിൽ ഇരുനേതാക്കളും പ്രഖ്യാപിക്കുകയും ചെയ്തു.
സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനെ തുർക്കിയിലേക്കു ക്ഷണിക്കുമെന്നും ഉർദുഗാൻ അറിയിച്ചിട്ടുണ്ട്. 2011ലെ അറബ് പ്രക്ഷോഭത്തിനു പിന്നാലെ തുർക്കി സിറിയയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. ഇരുരാജ്യങ്ങളും ബന്ധം പുനഃസ്ഥാപിച്ച് കൂടുതൽ സഹകരണത്തിനൊരുങ്ങുന്ന സൂചനയാണു നൽകുന്നത്. ഈജിപ്തിനെയും സിറിയയെയും കൂട്ടുപിടിച്ച് മേഖലയിൽ ഇസ്രായേലിനെതിരെ കൂടുതൽ ശക്തമായ പ്രതിരോധമൊരുക്കാനാണ് തുർക്കി ആലോചിക്കുന്നത്. പശ്ചിമേഷ്യയിലെ പുതിയ നീക്കത്തെ ഏറെ കൗതുകത്തോടെയാണു രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്.