തണുപ്പ് കൂടി; പൂത്തുലഞ്ഞ് മലയോരത്തെ മാവുകൾ

കാളികാവ്: വൃശ്ചികം-ധനുമാസങ്ങളിൽ തണുപ്പ് കൂടിയതോടെ നാടെങ്ങും മാവുകൾ പൂത്തുലഞ്ഞു. മകരത്തിലെത്തിയതോടെ കൂടിയ തണുപ്പാണ് മലയോരത്ത് അനുഭവപ്പെടുന്നത്. ഇത് മേഖലയിലെ റബ്ബർ, മാവ് എന്നിവക്ക് നല്ലകാലമായി. നാടൻ മാവുകൾ എല്ലായിടത്തും നിറയെ പൂത്ത നിലയിലാണ്.
മാവിന്റെ അസാധാരണ പൂക്കൽ ഇക്കുറി നാടൻ മാമ്പഴങ്ങൾ സുലഭമാവുമെന്നാണ് പ്രതീക്ഷ.സാധാരണ നിലയിൽ മാവും പ്ലാവും പൂക്കണമെങ്കിൽ തണുപ്പും മഞ്ഞു വീഴ്ചയും ആവശ്യമാണ്. ഇക്കുറി ഒരു മാസത്തോളം കടുത്ത തണുപ്പും മഞ്ഞു വിഴ്ചയും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ മഞ്ഞ് വീഴ്ച കുറഞ്ഞെങ്കിലും രാവിലെ മോശമല്ലാത്ത തണുപ്പ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്.
നീണ്ടുനിന്ന തണുപ്പ് റബർ കർഷകരും നല്ല പ്രതീക്ഷയിലാണ്. തണുപ്പ് കൂടുന്തോറും പാലിന്റെ അളവ് വർധിക്കും. ഇത് റബ്ബർ ഉദ്പാദനം കൂട്ടും. തണുപ്പു നിലനിൽക്കുമ്പോൾ തന്നെ അപ്രതീക്ഷിതമായി മഴ പെയ്താൽ മാമ്പൂവ് കൊഴിഞ്ഞു പോകാനും കരിഞ്ഞു പോകാനും ഇടയാക്കും.ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന മാമ്പഴങ്ങളെക്കാൾ ഏറ്റവും രുചിയും ഗുണമേന്മയുമുള്ളതാണ് നാടൻ മാമ്പഴങ്ങൾ. പൂവുകൾ വിരിഞ്ഞ് കായ് പിടിക്കുന്നത് വരെ മഴ ചെയ്യരുതെ എന്ന പ്രാർഥനയിലാണ് മാമ്പഴ സ്നേഹികൾ.
