ഹിജാബ് നിരോധനം നീക്കാൻ കോൺഗ്രസ്
ബംഗളൂരു: ബി.ജെ.പി സർക്കാർ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം നീക്കാൻ കോൺഗ്രസ് സർക്കാർ ഒരുങ്ങുന്നു. മന്ത്രിസഭ വികസനം പൂർത്തിയായശേഷം ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് സർക്കാർ നീങ്ങും. ഒരാഴ്ചക്കകം മന്ത്രിസഭ വികസനവും വകുപ്പു വിഭജനവും പൂർത്തിയാവുമെന്നാണ് വിവരം. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടതാണ് ഹിജാബ് നിരോധനം നീക്കൽ.||Congress to lift hijab ban
Read Also:സെക്രട്ടറി സ്ഥാനത്ത് നിന്നും പിന്മാറിയില്ലെങ്കിൽ മകന്റെ കൈ പിഴുതെടുക്കും’; വടകരയിൽ എസ്എൻഡിപി നേതാവിന് നേരെ ഭീഷണി
ഇതടക്കം വർഗീയ വിഭജന ലക്ഷ്യത്തോടെ ബി.ജെ.പി സർക്കാറിന്റെ കാലത്ത് കൊണ്ടുവന്ന എല്ലാ നിയമങ്ങളും ഉത്തരവുകളും പിൻവലിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് മുസ്ലിം വിദ്യാർഥിനികൾ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഹരജി സുപ്രീംകോടതി ബെഞ്ചിന്റെ പരിഗണനയിലാണ്.
കർണാടകയിലെ ഹിജാബ് വിഷയത്തിൽ ആംനസ്റ്റി ഇന്റർനാഷനൽ കഴിഞ്ഞദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് സൂചിപ്പിച്ചപ്പോൾ, ഹിജാബ് നയപരമായ വിഷയമാണെന്നും അതേക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നുമായിരുന്നു മറുപടി.
എന്നാൽ, നിയമസഭ സമ്മേളനത്തിനു ശേഷം മാധ്യമപ്രവർത്തകരെ കണ്ട മന്ത്രി പ്രിയങ്ക് ഖാർഗെ, ഹിജാബ് നിരോധനവും ഗോവധ നിരോധനവുമടക്കം സർക്കാർ പിൻവലിക്കുമെന്ന് പറഞ്ഞു. കർണാടകയിലെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തിയാൽ ആർ.എസ്.എസിനെയും ബജ്റങ്ദളിനെയും നിരോധിക്കുമെന്നും ബി.ജെ.പിക്ക് അത് സ്വീകാര്യമല്ലെങ്കിൽ അവർക്ക് പാകിസ്താനിലേക്ക് പോകാമെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
കർണാടക സ്വർഗമാക്കുമെന്ന് ഞങ്ങളുടെ വാഗ്ദാനമാണ്. സമാധാനം തകർത്താൽ അത് ആർ.എസ്.എസാണോ ബജ്റങ് ദളാണോ എന്ന് നോക്കില്ല. നിയമം കൈയിലെടുത്താൽ നിരോധനം കൊണ്ടുവരും.
പ്രകടന പത്രികയിൽ പറഞ്ഞതുപോലെ സംസ്ഥാനത്തെ സമാധാനത്തിന് ഭംഗം വരുത്തുന്ന എല്ലാ സംഘടനകളെയും നിരോധിക്കും.
സംസ്ഥാനത്ത് ചിലർ നിയമത്തെയും സമൂഹത്തെയും ഭയമില്ലാതെ കറങ്ങിനടക്കുന്നുണ്ടെന്നും കഴിഞ്ഞ മൂന്നുവർഷമായി കർണാടകയിലെ ട്രെൻഡ് അതാണെന്നും പ്രിയങ്ക് പറഞ്ഞു. ബസവരാജ് ബൊമ്മൈ സർക്കാറിന്റെ കാലത്ത് ഹിന്ദുത്വ ശക്തികളുടെ അഴിഞ്ഞാട്ടത്തെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം, ഗോവധ നിരോധന നിയമം, ഹിജാബ് നിരോധനം എന്നിവ വൈകാതെ പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തയാറെടുക്കുന്നുവെന്ന് കോൺഗ്രസ് വൃത്തങ്ങളും സൂചിപ്പിച്ചു. കനകപുരയിലെ കപില ബെട്ടയിൽ 114 അടിയുള്ള യേശുക്രിസ്തു പ്രതിമയും സ്ഥാപിക്കും. മുമ്പ് പ്രതിമ സ്ഥാപിക്കാനുള്ള ക്രൈസ്തവ വിശ്വാസികളുടെ നീക്കം സംഘ്പരിവാർ എതിർത്തിരുന്നു.