ഗണേശോത്സവ പൂജക്ക് പ്രധാനമന്ത്രിയെ വീട്ടിലേക്ക് ക്ഷണിച്ച ചീഫ് ജസ്റ്റിസിന്റെ നടപടി വിവാദത്തിൽ
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതി, പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത് വിവാദത്തിൽ. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന അഭിഭാഷകർ അടക്കമുള്ളവർ രംഗത്തെത്തിയത്.Chief Justice’s
ഭരണഘടനാ വിരുദ്ധ നടപടിയാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം എം.പി അരവിന്ദ് സാവന്ത് പറഞ്ഞു
ഇന്നലെ വൈകിട്ടാണ് ചീഫ് ജസ്റ്റിസിന്റെ ന്യൂഡൽഹിയിലെ വസതിയിൽ മോദിയെത്തിയത്. ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് വസതിയിൽ നടത്തിയ പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തു.
മോദിയുടെ സന്ദർശനത്തിൽ കടുത്ത വിമർശനവുമായി ആദ്യം രംഗത്തിറങ്ങിയത് മുതിർന്ന അഭിഭാഷകനായ ഇന്ദിരാ ജയ്‌സിങ് ആയിരുന്നു. നീതിന്യായ വ്യവസ്ഥയും ഭരണ നിർവഹണ വ്യവസ്ഥയും തമ്മിലുള്ള അധികാര വേർതിരിവിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച കാട്ടി. അദ്ദേഹത്തിലെ വിശ്വാസം ഇല്ലാതായെന്നും അവർ തുറന്നടിച്ചു. പരസ്യമായി ചീഫ് ജസ്റ്റിസ് കാട്ടിയ ഈ വിട്ടുവീഴ്ചയിൽ സുപ്രീംകോടതി ബാർ അസോസോസിയേഷൻ അപലപിക്കണം എന്ന് പ്രസിഡന്റ് കപിൽ സിബലിനോട് ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടു.
മോദിയെ വസതിയിൽ അനുവദിച്ച ചീഫ്ജസ്റ്റിസിന്റെ നടപടി ഞെട്ടിപ്പിച്ചെന്ന് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. സർക്കാർ ഭരണഘടനയ്ക്കുള്ളിൽ നിന്നു പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് ജുഡീഷ്യറിയാണ്. ഈ സന്ദർശനം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ഭരണഘടനയുടെ രക്ഷിതാവിനെ രാഷ്ട്രീയ നേതാക്കൾ സന്ദർശിക്കുന്നത് ശരിയല്ലെന്ന് ഉദ്ദവ് താക്കറെ വിഭാഗം നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് റൗത്ത് പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി മഹാരാഷ്ട്ര സർക്കാർ തുടരുന്നതും ഇക്കാര്യം ചോദ്യം ചെയ്ത ഹരജികൾ നീണ്ടുപോകുന്നതും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിലെ വിധി മാറ്റിവെച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. അതേസമയം മോദിയുടെ നടപടിയിൽ തെറ്റില്ലെന്ന നിലപാടിലാണ് ബിജെപി.