സിപിഐ നിലപാട് പരിഗണിക്കില്ല: മുകേഷിനോട് സി.പി.എം രാജി ആവശ്യപ്പെടില്ല

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ മുകേഷിനോട് എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടേണ്ടെന്ന് സി.പി.എം തീരുമാനം. പാര്‍ട്ടി അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. അതേസമയം, സിനിമ നയരൂപീകരണ സമിതിയിൽനിന്ന് മുകേഷിനെ ഒഴിവാക്കും.
സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ രാജി ആവശ്യം കണക്കിലെടുക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. സിനിമ നയരൂപീകരണ സമിതി പുനഃസംഘടിപ്പിക്കുമ്പോഴായിരിക്കും മുകേഷിനെ ഒഴിവാക്കുക. ഇപ്പോള്‍ നടപടിയുണ്ടാകില്ല. അതേസമയം, മുകേഷ് വിഷയം നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
അതിനിടെ, മുകേഷിന്റെ രാജിയെച്ചൊല്ലി സി.പി.ഐയിൽ അതിരൂക്ഷമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. രാജിവയ്ക്കാതെ മുന്നോട്ടുപോകുന്നത് ശരിയല്ലെന്നാണു ഭൂരിപക്ഷ അഭിപ്രായം. പൊതുപ്രവർത്തനത്തിൽ ധാർമികത അനിവാര്യമെന്നായിരുന്നു പൊതുവികാരം. എന്നാല്‍, രാജി ആവശ്യം കടുപ്പിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തു. സി.പി.എമ്മും മുകേഷും ചേര്‍ന്നു തീരുമാനമെടുക്കട്ടെയെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വവുമായി ബിനോയ് വിശ്വം സംസാരിച്ചതായും വിവരമുണ്ട്.
രാജി വേണ്ടെന്ന നിലപാടാണ് എല്‍.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. സി.പി.ഐയിൽനിന്ന് ഉൾപ്പെടെ സമ്മർദം ശക്തമാകുന്നതിനിടെയാണ് ജയരാജൻ നിലപാട് അറിയിച്ചത്. മുൻപ് ആരോപണം നേരിട്ട കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചാൽ മുകേഷും രാജിവയ്ക്കുമെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ആർക്കും പ്രത്യേക സംരക്ഷണം നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകും. മുൻപ് രണ്ട് എം.എൽ.എമാർക്കെതിരെ പീഡനാരോപണം വന്നിട്ടും രാജിവച്ചില്ല. എല്ലാ എം.എൽഎമാർക്കും ഒരേ നിയമമാണ്. സർക്കാർ തെറ്റ് ചെയ്ത ആരെയും രക്ഷിക്കില്ല. കർക്കശമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ജയരാജന്‍ പറഞ്ഞു.