സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വധം: ഒമ്പത് എൻ.ഡി.എഫ് പ്രവർത്തകരെ വെറുതെ വിട്ടു
കൊച്ചി: സി.പി.എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒമ്പത് നാഷനൽ ഡവലപ്മെന്റ് ഫ്രണ്ട് (എൻ.ഡി.എഫ്) പ്രവർത്തകരെ ഹൈകോടതി വെറുതെ വിട്ടു. തലശേരി അഡീ. സെഷൻസ് കോടതി വിധിച്ച ജീവപര്യന്തവും പിഴയും റദ്ദാക്കിയാണ് ഉത്തരവ്. മീത്തലെ മുഴക്കുന്ന് ചാക്കാട് ഷഫീന മൻസിലിൽ പി.കെ. ലത്തീഫ്, ഉളിയിൽ കുന്നേൽ യു.കെ. സിദ്ധിഖ്, ഫാത്തിമ മൻസിൽ യു.കെ. ഫൈസൽ, വേലിക്കോത്ത് വി.കെ. ഉനൈസ്, പുതിയപുരയിൽ ഫൈസൽ, പുന്നാട് വൈയപ്രത്ത് വി. ബഷീർ, പായം തന്തോട് നസീമ മൻസിലിൽ തണലോട്ട് യാക്കൂബ്, കീഴൂർ ദാറുൽ റഹ്മയിൽ പി.കെ. മുഹമ്മദ് ഫാറൂഖ്, വിളയോട് പനേരി അബ്ദുൽ ഗഫൂർ എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ റദ്ദാക്കിയത്.
2008 ആഗസ്ത് 24ന് രാത്രി സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ ചാക്കാട് മുസ്ലിം പള്ളിക്ക് സമീപം സ്വകാര്യ തെങ്ങിന് തോട്ടത്തില്‍ പതിയിരുന്ന എൻ.ഡി.എഫ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തലക്കും ശരീരത്തിലും വെട്ടേറ്റ ദിലീപനെ പൊലീസ് ജീപ്പില്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആക്രമണ സമയത്ത് ദിലീപന് ഒപ്പമുണ്ടായിരുന്ന ഗിരീഷ്, രാജൻ എന്നിവരുടെയടക്കം സാക്ഷി മൊഴികളിൽ വൈരൂധ്യമുണ്ടെന്നായിരുന്നു അപ്പീൽ ഹരജിക്കാരുടെ പ്രധാന വാദം. ഈ വാദത്തിൽ കഴമ്പുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ദൃക്സാക്ഷികൾ സംഭവ സമയത്ത് ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പാർട്ടി നൽകിയ പട്ടികയാണ് ഇതെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. ആയുധങ്ങൾ കണ്ടെത്തിയതും പരിക്കേറ്റവരുടെ മുറിവ് സർട്ടിഫിക്കറ്റ് തയാറാക്കിയതും ഏറെ വൈകിയാണ്. സാക്ഷികൾ നൽകിയ മൊഴികളിലും പൊരുത്തക്കേടുണ്ട്. ഇത്തരത്തിൽ പ്രോസിക്യൂഷൻ പിഴവുകൾ മൂലം പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ തെളിയിക്കാനായിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി അവരെ വെറുതെ വിടുകയായിരുന്നു.
