മാമി തിരോധാനത്തില്‍ കുടുംബത്തിന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്
കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനത്തിൽ മകൾ അദീബയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബന്ധുക്കളുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. കോഴിക്കോട് റേഞ്ച് ഐജി പ്രകാശനുമായി അദീബ കൂടിക്കാഴ്ച നടത്തും.Mami’s
കഴിഞ്ഞ ദിവസമാണ് മാമി തിരോധാനത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. റേഞ്ച് ഐജി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി കെ.യു പ്രേമനാണ് അന്വേഷണ ചുമതല. ഇന്ന് മകളുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ മറ്റു ബന്ധുക്കളുടെയും മൊഴികൾ രേഖപ്പെടുത്തും.
നേരത്തെ, നടക്കാവ് പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണത്തിൽ എതിർപ്പില്ലെന്ന് എസ്‌ഐടി സംഘം വ്യക്തമാക്കിയിരുന്നു.
2023 ആഗസ്റ്റ് 22നാണ് വീട്ടിൽനിന്ന് ഇറങ്ങിയ മാമിയെ കാണാതാകുന്നത്. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷൻ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണിൽ ബന്ധപ്പെടാനായിരുന്നില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
കേസിൽ ഇതുവരെ 180ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.