കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രാക്കപ്പൽ: കൊച്ചിയിലെ ആദ്യഘട്ട ചർച്ച ആശാവഹം

 

കൊച്ചി:പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾക്കായി കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യഘട്ട ചർച്ച ആശാവഹം. സർവീസ് തുടങ്ങാൻ മൂന്ന് കമ്പനികൾ ആദ്യഘട്ടത്തിൽ തന്നെ താൽപര്യം അറിയിച്ചെന്ന് കേരള മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു. കപ്പൽ സർവീസ്, വിനോദസഞ്ചാരം, ചരക്കുഗതാഗതം തുടങ്ങിയ മേഖലകളിൽനിന്നുള്ള ഒട്ടേറെ കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

 

പ്രവാസികൾക്ക് വിമാന യാത്രാക്കൂലിയെക്കാൾ താഴ്ന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗൾഫിലേക്കുള്ള യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ സംഘടിപ്പിച്ച സിംഗപ്പൂർ, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് കപ്പൽ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു. പത്തോളം കമ്പനികൾ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സർക്കാരിൽ നിന്നും മാരിടൈം ബോർഡിൽ നിന്നും ലഭ്യമാക്കുന്ന സഹായങ്ങൾ യോഗത്തിൽ മാരിടൈം ബോർഡ് അധികൃതർ, കമ്പനികളെ അറിയിച്ചു. ഇതുപ്രകാരം താൽപര്യമുള്ള കമ്പനികൾക്ക് ഏപ്രിൽ 22 വരെ താൽപര്യപത്രം സമർപ്പിക്കാം. ഗൾഫിൽനിന്ന് മൂന്നോ നാലോ ദിവസംകൊണ്ട് കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ, കൊച്ചി തുറമുഖങ്ങളിൽ എത്താവുന്നവിധം സർവീസ് ക്രമീകരിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. വലിയ കപ്പലുകൾക്ക് നങ്കൂരമിടാൻ കഴിയുന്ന ആഴമുള്ള കൊച്ചി തുറമുഖത്തിനാണ് കൂടുതൽ സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *