സിഎസ്ആർ തട്ടിപ്പ്: തട്ടിപ്പിനായി അനന്തു ട്രസ്റ്റ് രൂപീകരിച്ചു; എട്ട് മാസം കൊണ്ട് കിട്ടിയത് 400 കോടി
കൊച്ചി: സിഎസ്ആർ തട്ടിപ്പ് കേസ് പ്രതി അനന്തു ട്രസ്റ്റ് രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. നാഷണൽ എൻജിഒ പ്രോജക്ട് കൺസൾട്ടിംഗ് ഏജൻസി എന്ന പേരിലാണ് ട്രസ്റ്റ്. എട്ടുമാസം കൊണ്ട് പ്രതിയുടെ അക്കൗണ്ടുകളിലേക്ക് 400 കോടിയെത്തിയെന്നും തട്ടിപ്പിനായി 2500 എൻജിഒകൾ രൂപീകരിച്ചെന്നും പൊലീസ് കണ്ടെത്തി.CSR
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് നാഷണൽ എൻജിഒ പ്രോജക്ട് കൺസൾട്ടിംഗ് ഏജൻസി എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചത്. പ്രതി അനന്തു കൃഷ്ണൻ രൂപീകരിച്ച ട്രസ്റ്റിൽ അഞ്ച് അംഗങ്ങളാണുള്ളത്. അനന്തു കൃഷ്ണന് പുറമേ ആക്ടിംഗ് ചെയർപേഴ്സൺ ബീന സെബാസ്റ്റ്യൻ, ട്രസ്റ്റ് അംഗങ്ങളായ ഷീബാ സുരേഷ്, ആനന്ദ് കുമാർ, ജയകുമാരൻ നായർ. ഇവരെ കേന്ദ്രികരിച്ചും അന്വേഷണം തുടരുകയാണ്. ട്രസ്റ്റിന് പിന്നിലെ ബുദ്ധികേന്ദ്രം അനന്തു കൃഷ്ണനാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രസ്റ്റ് രൂപീകരിച്ച് എട്ടുമാസത്തിനുള്ളിൽ 400 കോടി രൂപയാണ് പ്രതിയുടെ മൂന്ന് അക്കൗണ്ടുകളിലായി എത്തിയത്. എന്നാൽ, അക്കൗണ്ട് പരിശോധിച്ചപ്പോൾ മൂന്നു കോടി രൂപ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. പ്രതിയുടെ പേരിലുള്ള അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്ന് എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പ്രതികരിച്ചു. തട്ടിപ്പിന്റെ വ്യാപ്തി 500 കോടിക്കു മുകളിൽ ആണെന്ന നിഗമനത്തിലാണ് പൊലീസ്. അതിനാൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനും തീരുമാനിച്ചിട്ടുണ്ട്.