കെകെ ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപം; പ്രവാസി മലയാളിക്കെതിരെ കേസ്
വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പ്രവാസി മലയാളിക്കെതിരെ കേസ്. പ്രവാസി കെഎം മിന്ഹാജിന് എതിരെയാണ് കേസ്. കോഴിക്കോട് നടവണ്ണൂര്‍ സ്വദേശിയാണ് മിന്‍ഹാജ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നതാണ് കേസ്.
ഫേസ്ബുക്ക് അക്കൗണ്ട് വഴി അധിക്ഷേപ സ്വഭാത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കലാപ ആഹ്വാനം, സ്ത്രീത്വത്തെ ആക്ഷേപിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മട്ടന്നൂര്‍ പൊലീസ് ആണ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വടകരയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കെകെ ശൈലജക്കെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തനിക്കെതിരായ ആക്രമണം സ്ത്രീയെന്ന നിലയില്‍ മാത്രമല്ലെന്ന് കെ കെ ശൈലജ പറഞ്ഞു. രാഷ്ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. വ്യാജ പേജുകളുണ്ടാക്കി ആസൂത്രിതമായുള്ള ആക്രമണമാണിതെന്നും സ്ഥാനാര്‍ത്ഥിയുടെ പേജിലും തനിക്കെതിരായ ആക്രമണം വന്നിട്ടുണ്ടെന്നും കെ കെ ശൈലജ ആരോപിച്ചിരുന്നു.