ഭക്ഷണം കഴിച്ച് പണം നൽകാൻ വൈകി, കോഴിക്കോട് ദളിത് യുവാവിന് നേരെ ആൾക്കൂട്ട മർദനം

Dalit youth in Kozhikode beaten up by mob for delaying payment after eating food

 

ഹോട്ടലിൽ ഭക്ഷണം കഴിച്ച് പണം നൽകാൻ വൈകി. കോഴിക്കോട് പന്തിരിക്കരയിൽ ദളിത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. മുതുകാട് സ്വദേശി മിജിൻസിനാണ് മർദ്ദനമേറ്റത്. മുബാറക് ഹോട്ടലിലെ ജീവനക്കാരൻ അഷ്റഫ് ഉൾപ്പെടെ 5 പേർക്ക് എതിരെ SC/ ST വകുപ്പ് പ്രകാരം പെരുവണ്ണാമൂഴി പൊലീസ് കേസ് എടുത്തു. കഴിഞ്ഞമാസം 26 ന് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു.

പണം നൽകാൻ വൈകിയ മിജിൻസിനെ അഷ്റഫ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാണ് പരാതി. അടി കൊണ്ട് അവശനായ മിജിൻസ് തൊട്ടടുത്ത കെട്ടിടത്തിൽ വിശ്രമിക്കവേ അവിടെയെത്തിയും സംഘം മർദ്ദിച്ചു. മരവടി കൊണ്ട് കൈക്കും തലക്കും ഉൾപ്പെടെ മർദ്ദിച്ചു എന്ന് മിജിൻസ് 24 നോട് പറഞ്ഞു.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകുമ്പോൾ ഫോൺ വന്നത് എടുത്ത് പുറത്തേക്ക് ഇറങ്ങിയതാണു പ്രശ്നമായത്. ഫോൺ വിളിച്ചു കഴിഞ്ഞു തിരിച്ചുവന്നു പണം നൽകാൻ തുടങ്ങവെ യുവാവിനെ ഹോട്ടൽ ഉടമയും കൂട്ടാളികളും ചേർന്ന് അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു.

ഹോട്ടൽ ഉടമയും സംഘവും ജാതിപ്പേരു വിളിച്ച് വീണ്ടും മർദിക്കുകയുമായിരുന്നുവെന്നു മിജിൻസ് പെരുവണ്ണാമൂഴി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സാരമായി പരുക്കേറ്റ മിജിൻസിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *