നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം: പിതാവ് ഷിജില്‍ കുഞ്ഞിനെ ഇടിച്ചത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തില്‍

 

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്റെ മരണത്തില്‍ അറസ്റ്റിലായ അച്ഛന്‍ ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്ത്. ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഷിജിലിന്റെ മൊഴി. ദേഷ്യത്തില്‍ കുഞ്ഞിന്റെ വയറ്റിലിടിച്ചെന്നും ഇയാളുടെ മൊഴിയിലുണ്ട്.

അടിമുടി ദുരൂഹമായ കേസിലാണ് ഒടുവില്‍ ഷിജിലില്‍ നിന്ന് തന്നെ നടന്നത് എന്താണെന്നതിന്റെ നടുക്കുന്ന വിശദാംശങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വന്നെന്നും അങ്ങനെയാണ് കുഞ്ഞ് മരിച്ചതെന്നുമായിരുന്നു കുട്ടിയുടെ മാതാവിന്റെ മൊഴി. എന്നാല്‍ കുഞ്ഞിനെ കൊന്നത് ഷിജില്‍ തന്നെയാണെന്നും കൈമുട്ട് കൊണ്ട് വയറ്റില്‍ ഇടിച്ച് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

 

16-ാം തിയതി പുലര്‍ച്ചെയാണ് ദാരുണവും ക്രൂരവുമായ സംഭവം നടക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കുഞ്ഞ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് കരഞ്ഞ് തുടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യ ഉടന്‍ തന്നെ ഉണര്‍ന്ന് മുറിയിലെ ലൈറ്റിട്ടു. അതോടെ ഷിജിലിന്റേയും ഉറക്കം നഷ്ടമായി. ഇതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ കുഞ്ഞിന്റെ വയറ്റില്‍ കൈമുട്ട് കൊണ്ട് ഇടിച്ചത്. കുട്ടി വാവിട്ട് കരഞ്ഞിട്ടും ഷിജില്‍ പിന്നീട് കിടന്നുറങ്ങി. പുറമേ പരുക്കില്ലാത്തതിനാല്‍ ആശുപത്രിയിലും കൊണ്ടുപോയില്ല. പുലര്‍ച്ചയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിന്റെ ആന്തരികാവയവങ്ങളില്‍ പരുക്കേറ്റിരുന്നു. കുഞ്ഞിന് വയറ്റില്‍ നീര്‍ക്കെട്ടുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *