കഴക്കൂട്ടത്തെ ഗർഭസ്ഥ ശിശുവിന്റെ മരണം; പൊലീസ് കേസെടുത്തു
തിരുവനന്തപുരം കഴക്കൂട്ടത്ത് ഗർഭസ്ഥ ശിശുവിന്റെ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഞ്ഞ് മരിച്ചത് ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥയാണെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ 17-ാം തീയതിയാണ് തൈക്കാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭസ്ഥ ശിശു മരിച്ചത്. ചികിത്സപിഴവാണ് കുഞ്ഞ് മരിച്ചതിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.Death
16-ാം തീയതി കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് തൈക്കാട് ആശുപത്രിയിൽ കുടുംബം എത്തിയിരുന്നു. എന്നാൽ വേണ്ടത്ര ചികിത്സ നൽകാതെ യുവതിയെ മടക്കി അയക്കുകയായിരുന്നു.എട്ടുമാസം ഗർഭിണിയായ കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുഞ്ഞിന് അനക്കമില്ലാത്തതെ വന്നതോടെയാണ് അർധരാത്രി തൈക്കാട് സർക്കാർ ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡ്യൂട്ടി ഡോക്ടർ പരിശോധന പോലുമില്ലാതെ മടക്കി അയക്കുകയാണ് ചെയ്തതെന്ന് പവിത്രയുടെ ഭർത്താവ് ലിബു പറഞ്ഞു.
കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞാണ് ഡ്യൂട്ടി ഡോക്ടർ യുവതിയെയും കുടുംബത്തെയും മടക്കി അയച്ചത്. പിറ്റേദിവസം നടത്തിയ സ്കാനിങ്ങിലാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുര അനാസ്ഥയാണെന്ന് ആരോപിച്ച് കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുടുംബത്തിന്റെ പരാതിയിൽ പിതാവിന്റെ മൊഴി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. മരണകാരണം കണ്ടെത്തനായി പത്തോളജിക്കൽ ഒട്ടോപ്സിക്ക് വിധേയമാക്കും. ഇതിന് ശേഷം മാത്രമായിരിക്കും മരണകാരണം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാവുക. തുടർ നടപടികൾ ഇതിന് ശേഷമേ ഉണ്ടാകൂ എന്ന് പൊലീസ് അറിയിച്ചു.