ഡീപ്പ് ഡൈവിങ് ദുഷ്‌കരം; അർജുന്റെ ലോറി നാളെ ഉയർത്തിയേക്കും

The truck under the river belongs to Arjun; Confirmed mission team

 

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ‌ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി നാളെ ഉയർത്തിയേക്കും. ഡീപ് ഡൈവിങ് നടക്കാത്ത സാഹചര്യത്തിലാണ് ദൗത്യസംഘത്തിന്റെ നീക്കം. അവസാനം നടത്തിയ ഡ്രോൺ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. രാത്രിയിൽ വീണ്ടും ഡ്രോൺ പരിശോധന നടത്തും.

10-ാം ദിവസത്തിലേക്ക് നീളുന്ന ദൗത്യത്തിത്തെ കാലാവസ്ഥ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ന് ഡൈവിംഗ് നടക്കില്ലെന്ന് ദൗത്യ സംഘം അറിയിച്ചു. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്ന് നാവികസേന അറിയിച്ചു.

Also Read :നദിക്കടിയിലെ ട്രക്ക് അർജുന്‍റേത് തന്നെ; സ്ഥിരീകരിച്ച് ദൗത്യ സംഘം

അതേസമയം, ഐബോഡ് പരിശോധന പുരോഗമിക്കുകയാണ്. പുഴയിലുള്ളത് അര്‍ജുന്‍റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചു. ട്രക്കിന്‍റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും. വൈകിട്ട് 5 മണിക്ക് ദൗത്യ സംഘം മാധ്യമങ്ങളെ കാണും.

നാവികസേനയുടെ 15 മുങ്ങല്‍ വിദഗ്ധർമാരാണ് ഷിരൂരിൽ ഉള്ളത്. അഞ്ച് പേരടങ്ങുന്ന സംഘം മൂന്ന് ബോട്ടില്‍ തെരച്ചിലിനിറങ്ങിയിരുന്നു. ശക്തമായ അടിയൊഴുക്ക് കാരണം പുഴയ്ക്കടിയിലേക്ക് ഇറങ്ങിയുള്ള പരിശോധന നടത്താന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് കഴിയുന്നില്ല. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.‌

Leave a Reply

Your email address will not be published. Required fields are marked *