കളംനിറഞ്ഞ് കളിച്ചിട്ടും തോറ്റു; റയലിന് മുന്നില്‍ കവാത്ത് മറക്കുന്ന സിമിയോണി
‘ഷൂട്ടൗട്ടിൽ ഒരു പെനാല്‍ട്ടി റിവ്യൂ ചെയ്യാൻ വാർ ഉപയോഗിക്കുന്നത് ഞാനൊരിക്കൽ പോലും കണ്ടിട്ടില്ല. ഒരിക്കൽ പോലും. അൽവാരസ് രണ്ട് തവണ പന്ത് ടച്ച് ചെയ്യുന്നത് നിങ്ങളാരെങ്കിലും കണ്ടിരുന്നോ? കണ്ടവരുണ്ടെങ്കിൽ കൈ പൊക്കൂ. സ്‌റ്റേഡിയത്തിലുണ്ടായിരുന്നവർ ആരും അത് കണ്ടിട്ടില്ല”; മെട്രോ പൊളിറ്റാനോയിലെ തോൽവിക്ക് ശേഷം മാധ്യമ പ്രവർത്തകരോട് ഏറെ വൈകാരികമായാണ് ഡിയഗോ സിമിയോണി പ്രതികരിച്ചത്. lost
കളിക്ക് ശേഷം നിരാശയുടെ ഒരു ചെറു കണിക പോലും അയാളുടെ മുഖത്തുണ്ടായിരുന്നില്ല. അത്രയും നേരം തങ്ങൾക്ക് നേരെ കൂവിയാർത്ത ഗാലറിക്ക് മുന്നിൽ റയൽ താരങ്ങൾ മതിമറന്നാഘോഷിക്കുമ്പോൾ അതേ ആവേശത്തിൽ ആരാധകർക്ക് മുന്നിലേക്ക് സിമിയോണിയുമെത്തി. നിരാശപ്പെടാനൊന്നുമില്ലെന്ന് അയാൾ ഗാലറിയോട് വിളിച്ച് പറഞ്ഞു. പിന്നെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. കളി തോറ്റു..പക്ഷെ താനിന്ന് സമാധാനത്തോടെ ഉറങ്ങുമെന്ന് സിമിയോണി മാധ്യമങ്ങളോട് പറഞ്ഞു. കാരണം അത്ര മേൽ മനോഹരമായാണ് അയാളുടെ കുട്ടികൾ ഇന്നലെ പന്ത് തട്ടിയത്.
ഫുട്‌ബോൾ ചിലപ്പോളങ്ങനെയൊക്കെയാണ്. ജയിക്കേണ്ടത് ഞങ്ങളായിരുന്നല്ലോ എന്ന് പലവുരു നിങ്ങളുടെ മനസ് മന്ത്രിക്കും. കളത്തിൽ അത്ര മേൽ നിങ്ങളുടെ സംഘം നിറഞ്ഞു കളിച്ചിട്ടുണ്ടാവും. പക്ഷെ ഒറ്റ നിമിഷത്തെ പിഴവിൽ എല്ലാമൊടുങ്ങും. ദൗർഭാഗ്യത്തിന്റെ കാർമേഘങ്ങൾ നിങ്ങളുടെ ആകാശത്ത് ഇരുട്ട് പടർത്തും. ഗോൾപോസ്റ്റും ഗോൾ കീപ്പറും കളിനിയമങ്ങളുമൊക്കെ ഒരുമിച്ച് നിങ്ങൾക്ക് മുന്നിൽ വില്ലൻ വേഷം കെട്ടിയാടും. ഒടുക്കം നിരാശരായി തിരിഞ്ഞ് നടക്കേണ്ടി വരും.
ചാമ്പ്യൻസ് ലീഗ് വേദികളിൽ തങ്ങളുടെ ബദ്ധവൈരികളായ റയലിന് മുന്നിലെത്തുമ്പോഴൊക്കെ ഡിയഗോ സിമിയോണിക്ക് കാലിടറുന്നതെന്ത് കൊണ്ടാണ്. മെട്രോ പൊളിറ്റാനോയിൽ ഇന്നലെ കളംനിറഞ്ഞ് കളിച്ചത് അത്‌ലറ്റിക്കോയാണെന്ന കാര്യത്തിൽ റയൽ ആരാധകർക്ക് പോലും തർക്കമുണ്ടാവില്ല. പക്ഷെ വിധി ഒരിക്കൽ കൂടി സിമിയോണിയെ ചാമ്പ്യൻസ് ലീഗിന്റെ പടിക്ക് പുറത്തേക്കാനയിച്ചു.
കളി തുടങ്ങി കൃത്യം 27 സെക്കന്റ്. മെട്രോ പൊളിറ്റാനോയിൽ റയൽ വലകുലുക്കാൻ അത്‌ലറ്റിക്കോ ഒരുമിനിറ്റ് തികച്ചെടുത്തിട്ടില്ല. കോർട്ടുവയെ കടന്ന് കോണർ ഗാലഗറിന്റെ കാലിൽ നിന്നാ പന്ത് വലയിലേക്ക് പായുമ്പോൾ ഒരോ ഗോളിന്റെ ലീഡ് നൽകിയിരുന്ന ആനുകൂല്യം റയലിന് പൊടുന്നനെ നഷ്ടമായി. പിന്നെ നിരന്തരം ഇരമ്പിയെത്തിയ മുന്നേറ്റങ്ങൾ. ഇടതുവിങ്ങിലൂടെ ഹൂലിയൻ അൽവാരസ്. വലതുവിങ്ങിനെ വിറപ്പിച്ച് ജൂലിയാനോ സിമിയോണി. തിബോ കോർട്ടുവ എന്ന അതികായനില്ലായിരുന്നെങ്കിൽ എപ്പോഴേ കുലുങ്ങേണ്ടിയിരുന്ന വല. അത്‌ലറ്റിക്കോയുടെ കാലിൽ ആകെ ഇന്നലെ പന്തുണ്ടായിരുന്നത് കളിയുടെ 38 ശതമാനം നേരമാണ്. പക്ഷെ ആ സമയം കൊണ്ട് അവർ 17 ഷോട്ടുകളാണ് റയൽ ഗോൾമുഖത്ത് ഉതിർത്തത്. അതിൽ എട്ടും ഓൺ ടാർജറ്റ് ഷോട്ടുകളായിരുന്നു എന്നോർക്കണം. പലപ്പോഴും അൽവാരസിനെ പിടിച്ചു കെട്ടാൻ കഴിയാതെ റയൽ പ്രതിരോധം ആടിയുലന്നത് കാണാമായിരുന്നു.
ആരാധകർക്ക് ഓർമിക്കാൻ യാൻ ഒബ്ലാക്കിന്റെ ഗോൾമുഖം വിറപ്പിച്ച ഒറ്റ ഷോട്ട് പോലും വിനീഷ്യസും എംബാപ്പെയും ബെല്ലിങ്ഹാമുമൊക്കെ അണിനിരക്കുന്ന റയൽ മുന്നേറ്റ നിരയുടെ ബൂട്ടുകളിൽ നിന്ന് പാഞ്ഞില്ല. ഓൺ ടാർജറ്റിൽ ആകെ വന്ന മൂന്ന് ഷോട്ടുകളും ദുർബലമായിരുന്നു. എക്‌സ്ട്രാ ടൈമിന് മുമ്പേ കളിയവസാനിപ്പിക്കാൻ ലഭിച്ച സുവർണാവസരമായിരുന്നു സെക്കന്റ് ഹാഫിൽ ലഭിച്ച ആ പെനാൽട്ടി. അതാണെങ്കിൽ വിനീഷ്യസ് ജൂനിയർ കളഞ്ഞ് കുളിക്കുകയും ചെയ്തു. പിന്നെ എക്‌സ്ട്രാ ടൈമും കടന്ന് കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക്.
സമ്മർദത്തിന്റെ ഉച്ചസ്ഥായിയിൽ മെട്രോ പൊളിറ്റാനോയുടെ അന്തരീക്ഷം ചൂടുപിടിച്ചു. ആദ്യ കിക്കെടുക്കാൻ എംബാപ്പെ പെനാൽട്ടി സ്‌പോട്ടിലേക്ക് നടന്നടുക്കുന്നു. ഒരു സമ്മർദത്തിനും പിടികൊടുക്കാതെ അയാൾ അനായാസം പന്തിനെ വലയിലെത്തിച്ചു. ലോകകകപ്പ് കലാശപ്പോരിൽ എമിലിയാനോ മാർട്ടിനസിന്റെ വലയിലേക്ക് പെനാൽട്ടി സ്‌പോട്ടിൽ നിന്ന് രണ്ട് തവണ വെടിയുതിർത്ത് വലതുളച്ച എംബാപ്പെയെപ്പോലെ മികച്ചൊരു പെനാൽട്ടി ടേക്കറുണ്ടായിട്ടും വിനീഷ്യസിന് നേരത്തേ അയാൾ പന്ത് കൈമാറിയത് എന്ത് കൊണ്ടാവും എന്ന് ആരാധകരുടെ മനസപ്പോൾ മന്ത്രിച്ച് കാണണം.
അത്‌ലറ്റിക്കോയുടെ രണ്ടാം കിക്കാണ് വിവാദങ്ങളെ കുടം തുറന്ന് വിട്ടത്. ഹൂലിയൻ അൽവാരസ് കിക്കെടുക്കുന്നതിനിടെ രണ്ട് തവണ പന്ത് കാലിൽ കൊണ്ടതായി റഫറിക്ക് സംശയമുയർന്നു. വാർ പരിശോധനയിൽ കിക്കെടുക്കുന്നതിനിടെ അൽവാരസ് രണ്ട് തവണ പന്തിൽ സ്പർശിച്ചതായി തെളിഞ്ഞു. റഫറി ഗോൾ ഡിസ് അലോ ചെയ്യുന്നു. മാർകോസ് ലോറന്റേ കൂടെ കിക്ക് പാഴാക്കിയതോടെ റയലിന് പ്രതീക്ഷയുണർന്നു. ഒടുവിൽ ലോസ് ബ്ലാങ്കോസിന്റെ വിജയത്തിലേക്ക് ഒബ്ലാക്കിന്റെ വല കടന്ന് റുഡിഗറിന്റെ കിക്ക് പാഞ്ഞു. ഒരിക്കൽ കൂടി ദൗർഭാഗ്യത്തിന്റെ അകമ്പടിയിൽ ഡിയഗോ സിമിയോണിയുടെ കുട്ടികൾ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തേക്ക്.
2014 ൽ പോർച്ചുഗലിന്റെ തലസ്ഥാന നഗരിയായ ലിസ്ബണിൽ അരങ്ങേറിയ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കിരീടമുറപ്പിച്ച് കളംനിറയവേ 92ാം മിനിറ്റിൽ പിറന്ന റാമോസ് മാജിക്കിൽ എല്ലാം തകർന്ന് തരിപ്പണമായതടക്കം ആകെ അഞ്ച് തവണയാണ് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്‌റ്റേജിൽ റയലിന് മുന്നിൽ അത്‌ലറ്റിക്കോ വീണത്. അതിൽ രണ്ട് ഫൈനലുകളുണ്ടെന്നോർക്കണം. എല്ലാ കോമ്പറ്റീഷനുകളിലുമായി ആറ് തവണയാണ് റയലിനും അത്‌ലറ്റിക്കോക്കുമിടയിൽ കളിയുടെ വിധിനിർണയിച്ച പെനാൽട്ടി ഷൂട്ടൗട്ടുകൾ അരങ്ങേറിയത്. അതിൽ ആറിലും അവസാന ചിരി റയലിന്റേതായിരുന്നു. ക്വാര്‍ട്ടറില്‍ മൈക്കില്‍ അര്‍ട്ടേറ്റയുടെ ആഴ്സണലാണ് ലോസ് ബ്ലാങ്കോസിന്‍റെ എതിരാളികള്‍. ഗണ്ണേഴ്സിനോട് ജയിക്കാന്‍ എന്തായാലും റയലിന് ഈ കളി പോരാതെ വരും.